കൊച്ചിയില്‍ ലഹരിസംഘങ്ങള്‍ക്കെതിരായ നടപടി തുടരുന്നതിനിടെ പൊലീസുകാര്‍ക്കെതിരായ ആക്രമണങ്ങളും വര്‍ധിക്കുന്നു. ആലുവയില്‍ മദ്യലഹരിയില്‍ നടുറോഡില്‍ കുത്തിയിരുന്ന യുവാവും യുവതിയും പൊലീസിനെ ആക്രമിച്ചു. മരോട്ടിച്ചുവടില്‍ പൊലീസുകാരെ ഇഷ്ടികയുള്‍പ്പെടെ ഉപയോഗിച്ച് യുവാക്കള്‍ ആക്രമിച്ചതിന്റെ കൂടുതല്‍ ദൃശ്യങ്ങളും പുറത്തുവന്നു.
ചൊവ്വാഴ്ച രാത്രി ആലുവ യുസി കോളജിന് സമീപത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മദ്യപിച്ച് ലക്കുക്കെട്ട് വന്ന യുവാവും യുവതിയും ബൈക്കില്‍ നിന്ന് താഴെ വീണു. ശേഷം നടുറോഡില്‍ കുത്തിയിരുന്ന് ഷോ! നാട്ടുകാര്‍ വിളിച്ചറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. ഇതോടെ ഇരുവരും പൊലീസിന് നേരെ തിരിഞ്ഞു. മില്ലുംപടിയില്‍ താമസിക്കുന്ന മുഹമ്മദ് അസ്ലം, സുഹൃത്ത് അനുപമ എന്നിവരാണ് നടുറോഡില്‍ പരാക്രമം കാട്ടിയത്. ലഹരി തലയ്ക്കുപിടിച്ച് നിലതെറ്റിയ അവസ്ഥയിലായിരുന്നു ഇരുവരും. ഇതിനിടെ അസ്ലം കൈ കൊണ്ടിടിച്ച് പൊലീസ് ജീപ്പിന്റെ ചില്ലും തകര്‍ത്തു. കൈക്ക് പരുക്കേറ്റ അസ്ലം ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകളാണ് അസ്ലമിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
ശനിയാഴ്ച തൃക്കാക്കര പൊലീസിന് നേരെ മരോട്ടിച്ചുവടിലുണ്ടായ ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മദ്യപിച്ച് ബഹളംവെച്ച് ശല്യമായതോടെ നാട്ടുകാർ പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. ട്രാഫിക് സിഐഎയും സംഘത്തെയും അഞ്ചംഗ സംഘം തടഞ്ഞു. വളഞ്ഞുവെച്ച് ചോദ്യം ചെയ്തു അസഭ്യം വിളിച്ചു.
കൂടുതല്‍ പൊലീസെത്തിയതോടെ ഇഷ്ടിക കൊണ്ടും വടി കൊണ്ടും ആക്രമണം നടത്തുകയായിരുന്നു. പൊലീസ് ജീപ്പ് തകര്‍ന്നതിന് പുറമെ സിഐയുടെ വിരലും ഒടിഞ്ഞു. പ്രതികള്‍ സ്വന്തം ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ അവര്‍ക്കെതിരെയുള്ള നിര്‍ണായക തെളിവുകളായി. ലഹരി മാഫിയകളെ നേരിടാന്‍ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി പരിശോധനകള്‍ കര്‍ശനമാക്കിയെങ്കിലും സുരക്ഷ സംബന്ധിച്ച് പൊലീസുകാരും ആശങ്കയിലാണ്.
