കണ്ണൂർ പിണറായിയിലെ പിണറായി വിജയൻ്റെ വീട്ടിലെ ഇ ഡി റെയ്ഡിനെതിരെ സിപിഐഎം പ്രവർത്തകരുടെ പ്രതിഷേധം അണപൊട്ടി. കണ്ണൂരിലെ പ്രധാന നേതാക്കൾ അടക്കം ഭാഗമായ പ്രതിഷേധത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തു. പരിശോധനയിൽ ഒന്നും ലഭിച്ചില്ലെന്ന് ഇ ഡി ഉദ്യോഗസ്ഥർ ഔദ്യോഗികമായി അറിയിച്ചതോടെയാണ് പ്രവർത്തകർ ഉദ്യോഗസ്ഥരെ പോകാൻ അനുവദിച്ചത്.
ഇന്ന് രാവിലെ 6 മണിയോടെയാണ് ഇ ഡി ഉദ്യോഗസ്ഥർ പിണറായിയിലെ പിണറായി വിജയൻ്റെ വീട്ടിൽ എത്തിയത്. വീട്ടിൽ ആരും ഇല്ലാത്തതിനാൽ വീടിൻ്റെ സംരക്ഷണ ചുമതലയുള്ള നാണുവിനെ വിവരം അറിയിച്ചു. ഇതോടെ പ്രവർത്തകരും നേതാക്കളും സ്ഥലത്തെത്തി. എട്ടരയോടെ വീടിനകത്ത് കയറിയ ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. റെയ്ഡ് ആരംഭിച്ചയുടൻ പ്രതിഷേധവും തുടങ്ങി. ഇ പി ജയരാജൻ, കെ കെ ശൈലജ, പി ജയരാജൻ തുടങ്ങിയ നേതാക്കളും എത്തിയതോടെ പ്രതിഷേധം ശക്തമായി.റെയ്ഡിന് പിന്നിൽ മോദിയുടെയും വി ഡി സതീശന്റെയും ഗൂഢാലോചനയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം .
അഞ്ച് മണിക്കൂറോളം നീണ്ട പരിശോധനക്കൊടുവിൽ ഉച്ചക്ക് ഒന്നരയോടെ റെയ്ഡ് അവസാനിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. പക്ഷേ ഗേറ്റിന് മുന്നിൽ സംഘടിച്ച പ്രവർത്തകർ ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം ഉയർത്തി. പ്രധാനപ്പെട്ട നേതാക്കളെ അകത്തേക്ക് വിളിച്ച് റെയ്ഡിൽ ഒന്നും ലഭിച്ചില്ലെന്ന് രേഖാമൂലം അറിയിച്ചതോടെയാണ് പ്രതിഷേധക്കാർ ശാന്തരായത്. പിന്നാലെ കനത്ത സുരക്ഷാവലയത്തിൽ ഇ ഡി ഉദ്യോഗസ്ഥർ വീടിന് പുറത്തെത്തി. കൂവി വിളിച്ചാണ് സിപിഐഎം പ്രവർത്തകർ പരിശോധന കഴിഞ്ഞ് മടങ്ങുന്ന ഉദ്യോഗസ്ഥരെ നേരിട്ടത്. വീടിന് മുന്നിൽ നിന്ന് പിരിഞ്ഞു പോകണമെന്ന് നേതാക്കൾ അറിയിച്ചതോടെ സിപിഐഎം പ്രവർത്തകർ മടങ്ങി. താത്കാലികമായി പ്രതിഷേധം അവസാനിപ്പിച്ചതായും നേതാക്കൾ പറഞ്ഞു.
