പത്തനംതിട്ട കോഴഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണം. ആറന്മുള സ്വദേശിയായ 68കാരിയുടെ ശരീരത്തിൽ നിന്ന് കുത്തിവെപ്പിന് ഉപയോഗിച്ച സൂചി കണ്ടെത്തി. ഒരു വർഷം മുമ്പ് കുത്തിവെപ്പ് എടുത്തപ്പോൾ സൂചി ശരീരത്തിൽ കുടുങ്ങുകയായിരുന്നുവെന്ന് വത്സല ആരോപിച്ചു. സംഭവത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരൻ പത്തനംതിട്ട ഡിഎംഒയോട് റിപ്പോർട്ട് തേടി.
പനിയും ചർദ്ദിയും വയറിളക്കവുമായി ഒരു വർഷം മുമ്പാണ് ആറന്മുള സ്വദേശി വത്സല കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ നിന്ന് കുത്തിവെപ്പ് എടുത്തു. രോഗം മാറി ഭേദമായിട്ടും കുത്തിവെപ്പ് എടുത്ത ഇടുപ്പിന്റെ ഭാഗത്തെ വേദന മാറിയില്ല. ദിവസങ്ങൾ പിന്നിടുമ്പോഴും വേദന അസഹനീയമായി തുടർന്നു. തുടർന്ന് കുത്തിവെപ്പ് എടുത്ത സ്ഥലത്ത് നീർക്കെട്ടും പഴുപ്പും ഉണ്ടായി. ഇതോടെയാണ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വീണ്ടും എത്തി വത്സല എക്സ്റേ എടുത്ത് പരിശോധിച്ചത്. ഇടുപ്പിന്റെ ഭാഗത്ത് സൂചി തറച്ചിരിക്കുന്നത് എക്സ്റേയിൽ വ്യക്തമായി. ഒരു വർഷമായി ശരീരത്തിൽ തറച്ചിരിക്കുന്ന സൂചി പുറത്തെടുക്കാൻ ശസ്ത്രക്രിയ നടത്തിയെങ്കിലും വിജയിച്ചില്ല. സൂചിയുടെ ഒരു ഭാഗം മാത്രമാണ് പുറത്തെടുക്കാൻ സാധിച്ചത്.
ആശുപത്രിയിൽ നിന്ന് കുത്തിവെപ്പ് എടുത്തപ്പോൾ സൂചി കുടുങ്ങിയതാണോ എന്ന് പറയാൻ കഴിയില്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ. കുത്തിവെപ്പിന് ഉപയോഗിക്കുന്ന സൂചിയാണ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. കൂടുതൽ പരിശോധന നടത്തിയാലേ കാര്യങ്ങളിൽ വ്യക്തത വരുവെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. ഒരു വർഷത്തിന് മുമ്പ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയതല്ലാതെ മറ്റെവിടെയും ചികിത്സയ്ക്കായി പോയിട്ടില്ലെന്ന് വത്സലയും കുടുംബവും വ്യക്തമാക്കി. സംഭവത്തിൽ ആരോഗ്യമന്ത്രി പത്തനംതിട്ട ഡിഎംഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ.
