മോഡലിംഗ് സെക്സ് റാക്കറ്റുമായി അടുത്ത ബന്ധം പുലർത്തിയ സിനിമ, റിയാലിറ്റി ഷോ താരങ്ങളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തും. കുറ്റകൃത്യം നടന്ന കാലയളവിൽ പ്രതികൾക്കൊപ്പം ചില താരങ്ങൾ വിദേശത്തുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. മോഡലിംഗിനെത്തിയ പെൺകുട്ടികളുടെ ചിത്രങ്ങളയച്ച് സിന്ധു നടത്തിയ വിലപേശലിന്റെ തെളിവുകളും പുറത്തുവന്നു.
കേസിൽ പിടിയിലായ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയ താരങ്ങളെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം. പെൺകുട്ടികളെ ആകർഷിക്കാൻ ഈ താരങ്ങളെ ഉപയോഗിച്ച് പ്രതികൾ പ്രൊമോഷൻ വീഡിയോകൾ ചെയ്തിരുന്നു. പ്രതികളോടൊപ്പം പല ഷോകളിലും പങ്കെടുത്ത താരങ്ങൾ, ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. കുറ്റകൃത്യം നടന്ന കാലയളവിലും താരങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ താരങ്ങളുടെ പട്ടിക തയ്യാറാക്കിയ ശേഷമാകും ചോദ്യം ചെയ്യൽ. റാക്കറ്റിന്റെ കിംഗ്പിൻ സിന്ധുവെന്ന് ഉറപ്പിക്കുന്ന നിർണായക തെളിവുകളും അന്വേഷണ സംഘം സമാഹരിച്ചു. മോഡലിംഗിനെത്തിയ പെൺകുട്ടികളുടെ ചിത്രങ്ങൾ ഇടപാടുകാർക്ക് അയച്ച് നൽകി ഡീൽ ഉറപ്പിക്കുന്നതിന്റെ തെളിവുകളാണിത്.
എന്നാൽ കേസിന്റെ അന്വേഷണത്തിൽ വലിയ വെല്ലുവിളികളാണ് പൊലീസ് നേരിടുന്നത്. പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിന് ഇരയായത് വിദേശത്തായതിനാൽ തെളിവെടുപ്പ് ശ്രമകരമാകും. കേസിലെ മുഖ്യപ്രതി സ്റ്റോയ്സിയെന്ന സിന്ധു ഹൃദ്രോഗിയായതിനാൽ ചോദ്യം ചെയ്യലും വഴിമുട്ടി. ഇതിനിടെ ഇരകൾ വിദേശത്തേക്ക് കടന്നുവെന്ന ആരോപണവുമായി ഗുണ്ടാനേതാവ് ഔറംഗസേബ് രംഗത്തെത്തി. പിടിയിലായ മൂന്ന് പേരെയും അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
