റാസിഖ് ദർ സലാം, അൻഷുൽ കംബോജ്, ക്രുണാൽ പാണ്ഡ്യ, ആകാശ് മധ്‌വൾ, ജോഫ്ര ആർച്ചർ, ഇഷാൻ കിഷൻ, ഡെവാൾഡ് ബ്രെവിസ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേർഡ്, നേഹൽ വധേര. ഇവരിൽ ഒന്നോ രണ്ടോ പേരൊഴികെ ബാക്കിയെല്ലാവരും വിവിധ ഐപിഎൽ ടീമുകളിലെ സുപ്രധാന താരങ്ങൾ. ഇവർക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. ഇവർ മുംബൈ ഇന്ത്യൻസ് അലുമ്നിയാണ്. യുവതാരങ്ങളെ കണ്ടെത്തി ഗ്രൂം ചെയ്ത് ടീമിൻ്റെ നട്ടെല്ലാക്കുന്ന മുംബൈയ്ക്ക് നഷ്ടപ്പെട്ട ചിലർ.
ശാർദുൽ താക്കൂർ, ദീപക് ചഹാർ, ട്രെൻ്റ് ബോൾട്ട്, ജസ്പ്രീത് ബുംറ ബൗളിംഗ് സഖ്യം മൂർച്ചയില്ലാതെ വിഷമിക്കുമ്പോൾ മുംബൈ വിട്ടുകളഞ്ഞ ഈ പേരുകൾക്ക് പ്രാധാന്യമുണ്ട്. കംബോജും മധ്‌വളും മുംബൈ ജഴ്സിയിൽ നന്നായി കളിച്ച താരങ്ങളാണ്. റാസിഖും കിട്ടിയ അവസരങ്ങളിൽ നല്ല പ്രകടനങ്ങൾ നടത്തി. കംബോജ് പവർപ്ലേയിലും ഡെത്ത് ഓവറുകളിലും തകർത്തെറിഞ്ഞ പ്ലയറാണ്. മധ്‌വൾ ഡെത്ത് ഓവറുകളിലെ ഗോ ടു ബൗളറായിരുന്നു. ഇവരെയെല്ലാം മുംബൈ വിട്ടുകളഞ്ഞു. പരിക്കാണ് ആർച്ചറിൻ്റെ കാര്യത്തിൽ തിരിച്ചടി ആയത്.
ക്രുണാൽ പാണ്ഡ്യ, റാസിഖ് സലാം എന്നിവർ ഇന്ന് ആർസിബി നിരയിലെ സുപ്രധാന താരങ്ങളാണ്. കിരീടധാരണത്തിൽ നിർണായക പങ്ക് വഹിച്ചവർ. ഇവർക്കൊപ്പം ടിം ഡേവിഡ്, റൊമാരൊയോ ഷെപ്പേർഡ് എന്നിവരും ആർസിബി നിരയിലെ എക്സ് മുംബൈ താരങ്ങൾ. നിലവിൽ പഞ്ചാബ് താരമായ നേഹൽ വധേരയെയും മുംബൈ കൈവിട്ടു. ബ്രെവിസിന് മുംബൈ അവസരങ്ങൾ കൊടുത്തു. തിളങ്ങിയില്ല.
ഹാർദിക് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് ട്രേഡ് ഡീലിൽ എത്തിച്ചത് ഒരു പരിധി വരെ പ്രശ്നങ്ങൾ വഷളാക്കി. ഈ ബൗളിംഗ് നിര വച്ച് പോയിൻ്റ് പട്ടികയിൽ അവസാന സ്ഥാനത്തിന് മുകളിൽ ഫിനിഷ് ചെയ്താൽ അത് തന്നെ വലിയൊരു നേട്ടമാണ്.
