സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റാ തങ്ങളുടെ ആകെ ജീവനക്കാരുടെ 10 ശതമാനത്തോളം പേരെ പിരിച്ചുവിടാനൊരുങ്ങുന്നു. ഇതോടെ ഏകദേശം 8,000 പേർക്ക് ജോലി നഷ്ടമാകും. യുഎസ്, ബ്രിട്ടൻ മേഖലകളിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നൽകിയതിന് പിന്നാലെയാണ് നീക്കം. മെറ്റയുടെ സിംഗപ്പൂർ ഹബ്ബിലെ ജീവനക്കാർക്ക് അർധരാത്രി 1.30നാണ് പിരിച്ചുവിടലുമായി ബന്ധപ്പെട്ട ഇ-മെയിൽ ലഭിച്ചത്. ഓഫീസുകളിലെ നേരിട്ടുള്ള പ്രശ്നങ്ങളും മറ്റും ഒഴിവാക്കുന്നതിനാണ് മെറ്റാ മാനേജ്മെന്റ് ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് ജീവനക്കാരുടെ വിലയിരുത്തൽ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയ്ക്ക് കമ്പനിയിൽ കൂടുതൽ മുൻഗണന നൽകുന്നതിന്റെ ഭാഗമായാണ് ഈ പുനഃസംഘടനയെന്നാണ് വിവരം. നിലവിലുണ്ടായിരുന്ന 78,000 ജീവനക്കാരിൽ നിന്നാണ് വെട്ടിക്കുറക്കൽ നടപ്പാക്കുന്നത്. ഇതിനുപുറമെ, 7,000 ജീവനക്കാരെ എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പുതിയ ടീമുകളിലേക്ക് മാറ്റുമെന്നും, നിലവിൽ കമ്പനിയിലുള്ള 6,000 ഒഴിവുകൾ റദ്ദാക്കുമെന്നും മെറ്റാ ചീഫ് പീപ്പിൾ ഓഫീസർ ജനേൽ ഗെയ്ൽ വ്യക്തമാക്കി. എഞ്ചിനീയറിംഗ്, പ്രൊഡക്ട് ടീമുകളെയാണ് ഈ തീരുമാനം ഏറ്റവും കൂടുതൽ ബാധിക്കുക. ഈ വർഷം എഐ മേഖലയ്ക്കായി മാത്രം 125 ബില്യൺ മുതൽ 145 ബില്യൺ ഡോളർ വരെ ചെലവഴിക്കാനാണ് മാർക്ക് സക്കർബർഗിന്റെ നേതൃത്വത്തിലുള്ള മെറ്റായുടെ പദ്ധതി.
ഇതിനിടെ എഐ സിസ്റ്റങ്ങളെ പരിശീലിപ്പിക്കുന്നതിനായി ജീവനക്കാരുടെ കംപ്യൂട്ടറിലെ മൗസ് ചലനങ്ങളും കീസ്ട്രോക്കുകളും നിരീക്ഷിക്കുന്ന പുതിയ ടൂളിനെതിരെ, ആയിരത്തിലധികം ജീവനക്കാർ ഒപ്പിട്ട നിവേദനം സമർപ്പിച്ചിരുന്നു. മെറ്റായിൽ മാത്രമല്ല, കഴിഞ്ഞ ആഴ്ച സിസ്കോ സിസ്റ്റംസ് 4,000 തൊഴിലവസരങ്ങൾ വെട്ടിക്കുറച്ചിരുന്നു. മൈക്രോസോഫ്റ്റ്, ആമസോൺ, ഡിസ്നി, ഒറാക്കിൾ തുടങ്ങിയ പ്രമുഖ കമ്പനികളും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുകയോ സ്വയം വിരമിക്കലിന് പ്രേരിപ്പിക്കുകയോ ചെയ്യുന്നുണ്ട്. എഐ സാങ്കേതികവിദ്യയുടെ കടന്നുവരവോടെ ആഗോള ടെക് മേഖലയിൽ വലിയൊരു ഘടനാപരമായ മാറ്റമാണ് പ്രകടമാകുന്നത്.
