ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തിൽ തകർന്നടിഞ്ഞ് ജ്വല്ലറി ഓഹരികള്‍. ടൈറ്റാന്‍, സെന്‍കോ ഗോള്‍ഡ്, കല്യാണ്‍ ജ്വല്ലേഴ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ ഒമ്പത് ശതമാനത്തിന്റെ വരെ ഇടിവുണ്ടായി. ആഗോള സാമ്പത്തിക പ്രതിസന്ധിയും വിദേശനാണ്യ ശേഖരത്തിലെ കുറവും ചൂണ്ടിക്കാട്ടിയാണ് സ്വര്‍ണം വാങ്ങുന്നത് നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. ഇതോടെ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറയുമെന്ന ഭയത്തിലാണ് നിക്ഷേപകര്‍ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിച്ചത്. ഓഹരികളില്‍ സെന്‍സോ ഗോള്‍ഡിനാണ് ഏറ്റവും വലിയ തിരിച്ചടിയേറ്റത്. ഒമ്പത് ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. കല്യാണ്‍ ജ്വല്ലറിയുടെ ഓഹരികള്‍ എട്ട് ശതമാനം ഇടിഞ്ഞു. ടൈറ്റാന്‍ ഓഹരികള്‍ അഞ്ച് ശതമാനം നഷ്ടത്തോടെ 4,273 രൂപയിലേക്ക് താണു.
രാജ്യത്തെ സ്വര്‍ണ ഇറക്കുമതി വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെയാണ് ജ്വല്ലറികളുടെ ഓഹരികളില്‍ ഇടിവുണ്ടായിരിക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണ ഇറക്കുമതിയാണ് നടന്നത്. ഇതിനിടയിലാണ് മോദിയുടെ പ്രഖ്യാപനം വന്നതും അത് ഓഹരികളില്‍ കനത്ത തിരിച്ചടിക്ക് കാരണമാവുന്നതും.
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 20 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,945 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 160 രൂപയുടെ കുറവുണ്ടായി. 1,11,560 രൂപയായാണ് പവന്റെ വില കുറഞ്ഞത്. രാജ്യാന്തര വിപണികളിലും ഇന്ന് സ്വര്‍ണവില ഇടിഞ്ഞിട്ടുണ്ട്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. എല്ലാ മാസവും ശരാശരി 60 ടണ്‍ വരെ സ്വര്‍ണം ഇന്ത്യ ഇറക്കുമതി ചെയ്യാറുണ്ട്. ഇന്ത്യ സ്വര്‍ണവും ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്നത് അമേരിക്കന്‍ ഡോളര്‍ നല്‍കിയാണ്. സ്വര്‍ണം വാങ്ങുന്നത് കൂടുമ്പോള്‍ രാജ്യത്തെ ഡോളര്‍ ശേഖരം വന്‍തോതില്‍ കുറയും. ഇത് ഇന്ത്യന്‍ രൂപയുടെ മൂല്യത്തെ ബാധിക്കും. 2026 സാമ്പത്തിക വര്‍ഷത്തില്‍ പ്രതിമാസം ശരാശരി 60 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതിനായി ഏകദേശം 600 കോടി ഡോളറാണ് രാജ്യം ചെലവിടുന്നത്
