എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ജിസിഡിഎയുടെ പാർക്കിങ് ഫീസ് കൊള്ള. ട്രെയിൻ യാത്രക്കാർ പതിവായി ആശ്രയിക്കുന്ന പേ ആൻഡ് പാർക്കിലെ നിരക്ക് നാലിരട്ടിയിലേറെ വർധിപ്പിച്ചാണ് ചൂഷണം. വ്യാപക പരാതി ഉയർന്നിട്ടും ചില്ലിക്കാശ് കുറയ്ക്കാനാകില്ലെന്ന നിലപാടിലാണ് ജിസിഡിഎയും കരാറുകാരും.
എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെ കിഴക്കേ കവാടത്തിലെ ജിസിഡിഎ പേ ആൻഡ് പാർക്കിലാണ് ഫീസ് കൊള്ള. ജോലിയാവശ്യത്തിനും മറ്റും പതിവായി ട്രെയിൻ യാത്ര ചെയ്യുന്നവരാണ് ഈ പാർക്കിങ് പ്രയോജനപ്പെടുത്തുന്നവരിൽ ഏറെയും. ഇവരുടെ കുടുംബ ബഡ്ജറ്റിന്റെ കൂടി താളം തെറ്റിക്കുന്നതാണ് നിരക്ക് വർധന. ഇരുചക്ര വാഹനങ്ങൾ ഒരു ദിവസം പാർക്ക് ചെയ്യുന്നതിന് നേരത്തേ 30 രൂപയായിരുന്നു ഫീസ്. ഇത് നാലിരട്ടി വർധിപ്പിച്ച് 120 രൂപയാക്കി. കാറുകൾക്ക് ഒരു ദിവസത്തേക്ക് 90 രൂപ നൽകിയിരുന്ന സ്ഥാനത്ത് ഇനി നൽകേണ്ടത് 480 രൂപ. പുതിയ നിരക്ക് അനുസരിച്ച് ബൈക്ക് ആദ്യ 2 മണിക്കൂറിന് 10 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 5 രൂപ വീതവും നൽകണം. കാർ ആദ്യ 2 മണിക്കൂറിന് 40 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 20 രൂപ വീതവും നൽകണം.
പതിവായി ട്രെയിനിനെ ആശ്രയിക്കുന്ന ഒരാൾക്ക് പ്രതിമാസം പാർക്കിങ്ങിനായി രണ്ടായിരം രൂപയിലേറെ ചെലവഴിക്കേണ്ടിവരും. ഇതോടെ ട്രെയിൻ ടിക്കറ്റിനേക്കാൾ പൊള്ളുന്ന വില പാർക്കിങ്ങിന് നൽകേണ്ടിവരും. നിരക്ക് വർധനയ്ക്ക് പിന്നാലെ കരാറുകാരും മാറിയതോടെ വഴക്കും വക്കാണവും പതിവായി. നിരക്ക് വർധനയ്ക്ക് പിന്നാലെ പലരും പാർക്കിങ് റെയിൽവേ സ്റ്റേഷന് പുറത്തെ റോഡരികിലേക്ക് മാറ്റിയതോടെ പ്രദേശത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്.
