ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമവും പണപ്പിരിവും നടത്തിയ എളമക്കര എഎസ്ഐ മുജീബ് റഹ്മാൻ അറസ്റ്റിൽ. പ്രതി ഒളിവിലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിക്കുന്നതിനിടെയാണ് മുജീബ് കൊച്ചി നോർത്ത് സ്റ്റേഷനിൽ കീഴടങ്ങിയത്. കൊല്ലം സ്വദേശിനിയുടെയും പത്തനംതിട്ട സ്വദേശിയായ ഡോക്ടറുടെയും പരാതിയിലാണ് മുജീബിനെതിരെ അന്വേഷണം നടത്തുന്നത്.
എളമക്കര സ്റ്റേഷനിൽ നിന്ന് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റപ്പെട്ട മുജീബ് ജോലിക്ക് ഹാജരായിരുന്നില്ല. മുജീബ് ഒളിവിലാണെന്നാണ് എളമക്കര, തൃശൂർ വെസ്റ്റ് പൊലീസ് ആവർത്തിച്ച് വ്യക്തമാക്കിയത്. മുജീബിന് ഒളിവിൽ കഴിയാൻ സേനയിൽ നിന്ന് സഹായം ലഭിക്കുന്നുവെന്ന സൂചനകൾക്കിടെയാണ് മുജീബിന്റെ അപ്രതീക്ഷിത കീഴടങ്ങൽ. കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ മുൻപാകെ കീഴടങ്ങിയ മുജീബിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
പത്തനംതിട്ട സ്വദേശിയായ ഡോക്ടറുടെ പരാതിയിലാണ് എളമക്കര പൊലീസിന്റെ അന്വേഷണം. ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര ലക്ഷം രൂപയാണ് ഡോക്ടറിൽ നിന്ന് മുജീബ് തട്ടിയത്. കൊല്ലം സ്വദേശിനിയുടെ പരാതിയിൽ തൃശൂർ വെസ്റ്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്. ഈ കേസിലും മുജീബിന്റെ അറസ്റ്റ് രേഖപ്പെടുത്തും. യുവതിയെ ലഹരിക്കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയ മുജീബ്, ലൈംഗികബന്ധത്തിന് തുടർച്ചയായി നിർബന്ധിച്ചു. ശല്യം തുടർന്നതോടെയാണ് തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയതും പിന്നാലെ കേസെടുത്തതും. ഭീഷണിപ്പെടുത്തൽ, ലൈംഗിക അതിക്രമം, പിന്തുടർന്ന് ശല്യം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് മുജീബിനെതിരെ ചുമത്തിയിട്ടുള്ളത്.
എളമക്കര സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ സമാനമായി പലരിൽ നിന്നും മുജീബ് ഭീഷണിപ്പെടുത്തി പണം തട്ടിയതായും വിവരമുണ്ട്. ഇക്കാര്യങ്ങളിലടക്കം വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. ഇടപാടിൽ മറ്റ് പൊലീസുകാരുടെ പങ്കും അന്വേഷിക്കും.
