ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറിയവരെ ഒഴിപ്പിച്ചു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. 29 വീടുകൾ ഉൾപ്പെടെ 88 കെട്ടിടങ്ങളാണ് പൊളിച്ച് നീക്കിയത്. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് വിന്യസിച്ചിരുന്നത്. അതേ സമയം, കയ്യേറ്റത്തിന് പ്രാദേശിക ഭരണകൂടത്തിന്റെ സഹായം ലഭ്യമായിട്ടുണ്ടോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
2024 ഫെബ്രുവരിയിലാണ് പന്നിയാർ പുഴയിലേക്കിറക്കിയുളള പൂപ്പാറയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. കുടിയൊഴിപ്പിക്കപ്പെടുന്നവർ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി ശരിവെച്ചു. ഇതോടെ സർക്കാർ കയ്യേറ്റക്കാർക്ക് ഒഴിയാൻ നോട്ടീസ് നൽകി. പക്ഷെ പലതവണ ആവശ്യപ്പെട്ടിട്ടും താമസക്കാർ ഒഴിയാൻ തയ്യാറായില്ല. ഇതോടെ 24 മണിക്കൂറിനകം ഒഴിയണമെന്ന് നിർദേശിച്ച അധികൃതർ വൈദ്യുതിയടക്കം വിച്ഛേദിച്ചു. ഇതോടെ പ്രതിഷേധം ശക്തമായി. തുടർന്നാണ് ഇന്ന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയത്.
ആരാധനാലയങ്ങൾ ഉൾപ്പെടെയാണ് പൊളിച്ച് നിരത്തിയത്. മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചത്. ചെറുത്തുനിൽക്കാനാതെ കുടിയിറക്കപ്പെട്ടവർ നിറകണ്ണുകളോടെ പരിദേവനങ്ങൾ പങ്കുവെച്ചു. ദുരന്തനിവാരണത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നും പുനരധിവാസം ആവശ്യമുള്ള 12 പേർക്ക് സർക്കാർ സഹായം ഒരുക്കുമെന്നും ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് വ്യക്തമാക്കി. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് താത്കാലിക
താമസസൗകര്യം അധികൃതർ ഒരുക്കിയിട്ടുണ്ട്.
