വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ ഏത് സാഹചര്യത്തിൽ സംഭവിച്ചു എന്നതിൽ അന്വേഷണം വേണമെന്ന് നിയുക്ത എംഎൽഎ ഐ സി ബാലകൃഷ്ണൻ. എൻ എം വിജയൻ എഴുതിയ കത്തിന്റെ ഉള്ളടക്കം വെട്ടിയ നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഉണ്ടായിട്ടില്ല എന്നും ഐ സി ബാലകൃഷ്ണൻ പറഞ്ഞു. എൻ എം വിജയന്റെ ആത്മഹത്യ ഐ സി ബാലകൃഷ്ണനെതിരെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് ആയുധമാക്കിയിരുന്നു.
ഐസി ബാലകൃഷ്ണനെ സ്ഥാനാർത്ഥിയാക്കിയത് ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധിക്കെതിരെ വിജയന്റെ കുടുംബം പ്രതിഷേധവും സംഘടിപ്പിച്ചു. ഇതോടെ യുഡിഎഫ് നേതൃത്വം കുടുംബത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. വിജയൻ എഴുതിവെച്ച കത്തിലെ പല ഭാഗങ്ങളും വെട്ടിയിട്ടുണ്ടെന്നും ഇത് അന്വേഷിക്കണം എന്നുമായിരുന്നു ആവശ്യം. ഈ ഘട്ടത്തിൽ ഒന്നും ഐ സി ബാലകൃഷ്ണൻ പ്രതികരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായാണ് ഈ വിഷയത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഐ സി ബാലകൃഷ്ണൻ രംഗത്തെത്തിയിരിക്കുന്നത്.
താനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണം നിഷ്പക്ഷമായിരുന്നു എന്നും ഐ സി ബാലകൃഷ്ണൻ പറയുന്നുണ്ട്. വിജയന്റെ ആത്മഹത്യയിൽ പൊലീസും വിജിലൻസും രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് ഐ സി ബാലകൃഷ്ണൻ. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
