ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ഇറാനിയൻ നടിയുമായി ബന്ധമെന്ന് സൂചന. ഇറാനിയൻ നടി ഗോൾഷിഫ്ത ഫറഹാനിയുമായുള്ള അശ്ലീല സന്ദേശങ്ങൾ മാക്രോണിന്റെ ഫോണിൽ കണ്ടെത്തിയതിനെത്തുടർന്ന് ഭാര്യ ബ്രിജിറ്റ് മാക്രോൺ അദ്ദേഹത്തെ തല്ലിയതായി റിപ്പോർട്ട്. പാരീസ് മാച്ച് മാധ്യമപ്രവർത്തകൻ ഫ്ലോറിയൻ ടാർഡിഫ് എഴുതിയ ‘ആൻ (ഓൾമോസ്റ്റ്) പെർഫെക്റ്റ് കപ്പിൾ’ എന്ന പുതിയ പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷം വിയറ്റ്നാം സന്ദർശനത്തിനിടെ വിമാനത്തിൽ നിന്ന് ഇറങ്ങുന്ന സമയത്താണ് ഈ സംഭവം നടന്നതെന്നാണ് പുസ്തകത്തിൽ പറയുന്നത്.
മാക്രോണും ഫറഹാനിയും തമ്മിൽ മാസങ്ങളായി സൗഹൃദത്തിലായിരുന്നുവെന്നും, “നീ വളരെ സുന്ദരിയാണ്” എന്നതുൾപ്പെടെയുള്ള സന്ദേശങ്ങൾ മാക്രോൺ അയച്ചിരുന്നതായും ടാർഡിഫ് ആരോപിക്കുന്നു. ഈ സന്ദേശങ്ങൾ വിമാനത്തിൽ വെച്ച് ശ്രദ്ധയിൽപ്പെട്ട ബ്രിജിറ്റ് നിയന്ത്രണം വിട്ട് മാക്രോണിനെ തള്ളുകയും മുഖത്തടിക്കുകയും ചെയ്തുവെന്നാണ് വിവരം. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും, അന്ന് അത് വെറും തമാശയായിരുന്നുവെന്നാണ് പ്രസിഡന്റിന്റെ ഓഫീസ് വിശദീകരിച്ചിരുന്നത്. എന്നാൽ പുതിയ വെളിപ്പെടുത്തലുകൾ ഫ്രഞ്ച് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. ആരോപണങ്ങൾ ബ്രിജിറ്റ് മാക്രോണിന്റെ അടുത്ത വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ടെങ്കിലും പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ എലീസി പാലസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
