സംസ്ഥാനത്ത് ചൂട് കൂടിയതോടെ രോഗാശങ്കയും വർധിക്കുന്നു. കടുത്ത വേനലിൽ അമീബിക് മസ്തിഷ്ക ജ്വരം പടരാനുള്ള സാധ്യത മുന്നിൽ കണ്ട് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ശുദ്ധമല്ലാത്ത വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കിണറുകളും ടാങ്കുകളും ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാക്കണം. നീന്തല്‍ കുളങ്ങള്‍ ക്ലോറിനേറ്റ് ചെയ്യണം. പൊതുസ്ഥലങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാരം ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിക്കുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്യണം എന്നിവയാണ് നിർദേശങ്ങൾ.
തീവ്രമായ പനി, പെട്ടെന്നുള്ള ജ്വരം, തലവേദന, ഛര്‍ദ്ദി, കഴുത്ത് വേദന, ബോധക്ഷയം, വെളിച്ചം കാണുമ്പോള്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് അമീബിക് മസ്തിഷ്ക ജ്വരത്തിൻ്റെ പ്രധാന രോഗലക്ഷണങ്ങള്‍. രോഗം വന്നാല്‍ അതിവേഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ ഉടന്‍ ചികിത്സ തേടണമെന്നും നിർദേശങ്ങളിൽ പറയുന്നു.
അതേസമയം ചൂട് കടുത്തതോടെ ചിക്കൻപോക്സും വയറിളക്ക രോഗങ്ങളും പടർന്നുപിടിക്കുകയാണ്. കഴിഞ്ഞ ദിവസം 130 പേർക്ക് വരെ ചിക്കൻ പോക്സ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം മാത്രം 2,898 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ 4 മാസത്തിനിടെ 17,406 പേർക്കാണ് ചിക്കൻപോക്സ് ബാധിച്ചത്.
5 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
വയറിളക്ക രോഗങ്ങളിൽ മൂന്ന് മാസത്തിനിടയിൽ ഒരാൾ മരണപ്പെട്ടു. ഒരു ദിവസം 1800ലധികം പേർക്ക് വയറിളക്ക രോഗങ്ങൾ ബാധിക്കുന്നു എന്നാണ് കണക്ക്. ഈ മാസം മാത്രം 28,688 പേർക്കാണ് രോഗം ബാധിച്ചത്. ഈ വർഷം ഇതുവരെ 1,71,593 പേർ വയറിളക്ക രോഗങ്ങൾക്ക് ചികിത്സ തേടിയിട്ടുണ്ട് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
