ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി കൊച്ചി എളമക്കരയിൽ പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗിക അതിക്രമവും പണപ്പിരിവും. പിന്തുടർന്ന് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്ന കൊല്ലം സ്വദേശിനിയുടെ പരാതിയിൽ എളമക്കര പൊലീസ് സ്റ്റേഷനിലെ എഎസ്ഐ മുജീബ് റഹ്മാനെതിരെ കേസെടുത്തു. ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്ന ഡോക്ടറുടെ പരാതിയിലും മുജീബിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
എളമക്കര സ്റ്റേഷനിൽ ജോലി ചെയ്യുന്നതിനിടെ എഎസ്ഐ മുജീബ് റഹ്മാൻ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് ഒന്നൊന്നായി പുറത്ത് വരുന്നത്. ലഹരിക്കേസിൽ പിടിയിലാകുന്നവരുടെ ഫോണുകളിലെ വിവരങ്ങൾ കൈവശപ്പെടുത്തിയായിരുന്നു മുജീബിന്റെ ഗൂഢനീക്കങ്ങൾ. ലഹരിക്കേസിൽ പിടിയിലായ പ്രതിയുടെ ഫോണിൽ നിന്നാണ് കൊല്ലം സ്വദേശിനിയുടെ നമ്പർ എഎസ്ഐ മുജീബ് കൈക്കലാക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമെന്ന പേരിൽ വിളിച്ച് ആദ്യം വിവരങ്ങൾ തിരക്കും. രണ്ടാം ഘട്ടമാണ് ഭീഷണി. കേസിൽ പ്രതിയാക്കുമെന്നും ഒഴിവാക്കാൻ ലൈംഗികബന്ധത്തിന് തയ്യാറാകണമെന്നുമാണ് മുജീബിന്റെ തിട്ടൂരം. കൊല്ലം സ്വദേശിനിയെ ഈ ആവശ്യം ഉന്നയിച്ച് രണ്ട് മാസമാണ് പിന്തുടർന്നത്. വീണ്ടും ശല്യം തുടർന്നതോടെയാണ് തൃശൂർ വെസ്റ്റ് പൊലീസിൽ യുവതി പരാതി നൽകിയത്. ലൈംഗിക അതിക്രമം, പിന്തുടർന്ന് ശല്യം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ പൊലീസ് മുജീബിനെതിരെ ചുമത്തി.
ലഹരിക്കേസിൽ കുടുക്കുമെന്ന് പത്തനംതിട്ട സ്വദേശിയായ ഡോക്ടറെയും മുജീബ് ഭീഷണിപ്പെടുത്തി. കേസിൽ നിന്നൊഴിവാക്കാനെന്ന പേരിൽ ഒന്നര ലക്ഷം രൂപയാണ് മുജീബ് തട്ടിയത്. ഡോക്ടർ കൊച്ചി ഡിസിപിക്ക് നൽകിയ പരാതിയിൽ എളമക്കര പൊലീസും മുജീബിനെ പ്രതിയാക്കി കേസെടുത്തു. ലഹരിക്കേസിൽ പിടിയിലായ യുവാവിന്റെ ഫോണിൽ നിന്നാണ് മുജീബിന് ഡോക്ടറുടെ നമ്പർ ലഭിച്ചത്. സമാനമായി വേറെ ഡോക്ടർമാരെയും മുജീബ് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് ലഭിക്കുന്ന സൂചന. എളമക്കര സ്റ്റേഷനിൽ നിന്ന് ട്രാൻസ്ഫറായ മുജീബ് ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്. പല കേസുകളുടെയും അന്വേഷണം മുജീബ് അട്ടിമറിച്ചുവെന്ന സംശയവും ബലപ്പെടുകയാണ്. സ്റ്റേഷനിലെ മറ്റ് പൊലീസുകാരുടെ ബന്ധവും അന്വേഷിക്കുന്നുണ്ട്.
