സമരസമിതി നേതാവ് വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. എന്നാൽ സർക്കാരിന്റേത് പ്രതികാര നടപടിയെന്ന് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ്. സമരഗേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധം സംഘടിപ്പിച്ചു.
സെക്രട്ടറിയേറ്റ് മെയിൻ ഗേറ്റിന് സമീപം മുദ്രാവാക്യം വിളിച്ച് പ്രതിഷേധ ജാഥ നടത്തിയെന്നാണ് കേസ്. കലാപാഹ്വാനം, സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്. പൊതുവീഥികളിൽ ജാഥകളും സമരങ്ങളും നടത്താൻ പാടില്ലെന്ന ഉത്തരവ് ലംഘിച്ചെന്നും, കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. സമരസമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി. തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും, കണ്ടാലറിയാവുന്ന അമ്പത് പേർക്കുമെതിരെയും കേസെടുത്തു. അതേസമയം സർക്കാർ കള്ളക്കേസ് ആണ് ചുമത്തിയതെന്നും ഇതിലൂടെ തങ്ങളെ അടിച്ചമർത്താൻ സാധിക്കില്ലെന്നും എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി.
കേസെടുത്തതിന് പിന്നാലെ സമരഗേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധം കടിപ്പിച്ചു. സർക്കാർ ആവശ്യങ്ങൾ പരിഗണിക്കും വരെ പ്രതിഷേധം തുടരാൻ തന്നെയാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.
