നിയമ വിരുദ്ധമായി നടത്തുന്ന സ്പാകൾക്കെതിരെ കർശന നടപടിയെടുക്കും. സംസ്ഥാന വ്യാപകമായി പരിശോധ തുടരുമെന്നും ഡിജിപി വ്യക്തമാക്കി. കേസിൽ റിമാൻഡിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ അന്വേഷണ സംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങും.
കോവളത്തെ ഡ്രീംസ് സ്പായിൽ പതിനാറുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണ്. നിലവിൽ ജുഡീഷൽ കസ്റ്റഡിയിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനുരൂപിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം. ഇതിനായി ഇന്നുതന്നെ കോടതിയിൽ കസ്റ്റഡിയപേക്ഷ നൽകും. ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തെങ്കിലും അന്വേഷണത്തോട് സഹകരിക്കാൻ അനുരൂപ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതിനും കേസിലെ കൂടുതൽ പേരുടെ പങ്ക് തെളിയിക്കുന്നതിനുമുള്ള അന്വേഷണസംഘത്തിൻ്റെ നീക്കം. കേസിനെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഉദ്യോഗസ്ഥരുടെ അടക്കം പങ്ക് പരിശോധിക്കുമെന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.
അനുരൂപിന് മറ്റ് രണ്ട് സ്പാ നടത്തിപ്പിൽ കൂടി പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പോലീസ് പരിശോധിച്ചു വരികയാണ്. അതേസമയം ആർ നിശാന്തിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും യോഗം ചേരും. കുട്ടിയെ ചെന്നൈയിൽ എത്തിച്ചു പീഡിപ്പിച്ചു എന്ന മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിൻ്റെ ഭാഗമായി താമ്പരം പോലീസും ഉടൻ തിരുവനന്തപുരത്ത് എത്തും.
