എഴുത്ത് : അനൂപ് പരമേശ്വരൻ
പഴയ എ , ഐ ഗ്രൂപ്പ് വൈരത്തിൻറെ കാലം ഓർമിപ്പിക്കും വിധം സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പുകൾ പ്രവർത്തിക്കുമ്പോൾ ഒന്നും ചെയ്യാനാകാതെ ഹൈക്കമാൻഡ്
എന്തുകൊണ്ട് സണ്ണി ജോസഫിന് ഒരു പകരക്കാരനെ കണ്ടെത്താൻ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കു കഴിഞ്ഞില്ല?
ഇവിടെ നിന്നു പോയ പേരുകളിലൊന്നും തീരുമാനമാകാതെ വന്നത് എന്തുകൊണ്ടാണ്?
മാത്യു കുഴൽനാടനെ അധ്യക്ഷനാക്കാനുള്ള തീരുമാനം മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഇടപെട്ട് വെട്ടിയോ?
അങ്ങനെ വെട്ടിയതിൻറെ പ്രതിഫലനമാണോ മാത്യു കുഴൽനാടൻറെ രോഷപ്രകടനം. പാർലമെൻററി പാർട്ടി യോഗത്തിൽ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരേ മാത്യു കുഴൽനാടൻ അതിരൂക്ഷ വിമർശനമാണ് നടത്തിയത്. മാത്യു കുഴൽനാടന് പാർലമെൻററി പാർട്ടി യോഗത്തിൽ കാര്യമായി ആരുടേയും പിന്തുണ ലഭിച്ചില്ല. പ്രതിപക്ഷ നേതാവ് പിണറായി വിജയന് എതിരായ കേസ് എഫ്ഐആർ ഇടാതെ പ്രാഥമിക അന്വേഷണത്തിന് അയയ്ക്കാനുള്ള സർക്കാർ തീരുമാനമായിരുന്നു മാത്യു കുഴൽനാടനെ ചൊടിപ്പിച്ചതായി വന്ന റിപ്പോർട്ടുകൾ. പക്ഷേ, കെപിസിസി അധ്യക്ഷ സ്ഥാനത്ത് മാത്യു കുഴൽനാടനെ നിയമിക്കുന്നതിൽ ഡൽഹിയിൽ പോയ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വിയോജിപ്പ് അറിയിച്ചതായാണ് സൂചന.
മന്ത്രിയായപ്പോൾ മുതൽ കസേര ഒഴിയാൻ തയ്യാറായി നടക്കുകയാണ് സണ്ണി ജോസഫ്. എന്നാൽ അഞ്ചുമാസമായിട്ടും അക്കാര്യത്തിൽ തീരുമാനമായില്ല. കെ സുധാകരനെ നിർബന്ധപൂർവം ഒഴിവാക്കിയാണ് സണ്ണി ജോസഫിനെ നിയമിച്ചത്. അങ്ങനെ ഒഴിവാക്കുമ്പോൾ കെ സുധാകരൻ പറഞ്ഞ പേരായിരുന്നു സണ്ണി ജോസഫിൻറേത്. ആ സണ്ണി ജോസഫിനെ കെ സുധാകരൻ പിന്നീട് നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് തള്ളിപ്പറയുന്നതും കേരളം കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള സുധാകരൻറെ ആഗ്രഹത്തിന് വിഘാതമായി നിന്നവരിൽ സണ്ണി ജോസഫും ഉണ്ടെന്ന തോന്നലിൽ ആയിരുന്നു ആ എതിർപ്പ്.
കെ പി സി സി അധ്യക്ഷ സ്ഥാനത്ത് ആഗ്രഹിച്ച കാലത്തോളം വാഴാൻ കെ സുധാകരനു സാധിച്ചില്ല. 2026ലെ തെരഞ്ഞെടുപ്പ് നയിക്കാൻ ആഗ്രഹിച്ച് അധ്യക്ഷനായ കെ സുധാകരനെ കൃത്യം ഒരു വർഷം മുൻപു തന്നെ വീഴ്ത്തി. 2021ലെ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു മുകളിൽ പ്രചാരണ തലവനായി ഉമ്മൻചാണ്ടി വന്നതിൻറെ മറ്റൊരു രൂപം. സുധാകരൻറെ പൂർവികരായ വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പരസ്യകോലാഹലങ്ങൾക്കു പിന്നാലെ അതൃപ്തിയുമായി പുറത്തുപോയവരാണ്. കെ സുധാകരനെതിരെ വിവിധ ഗ്രൂപ്പുകൾ കരുനീക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. അതോടൊപ്പം തന്നെ ഘടകകക്ഷികളുടെ എതിർപ്പും നിർണായകമായി.
കെപിസിസി അധ്യക്ഷന്മാരുടെ നൂറ്റാണ്ടിലെ ചരിത്രം
ഈ നൂറ്റാണ്ടു പിറന്ന ശേഷംമാത്രമുള്ള കോൺഗ്രസിൻറെ സ്ഥിതി നോക്കുക. വയലാർ രവിയിൽ നിന്ന് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത തെന്നല ബാലകൃഷ്ണപിള്ളയായിരുന്നു നൂറ്റാണ്ടു പിറക്കുമ്പോൾ കെ പി സി സി അധ്യക്ഷൻ. ആ തെന്നലയുടെ നേതൃത്വത്തിലാണ് 140ൽ 99 സീറ്റും നേടി യുഡിഎഫ് അധികാരത്തിലെത്തിയത്. പക്ഷേ എ കെ ആൻറെണിയുടെ സത്യപ്രതിജ്ഞയ്ക്കു മുൻപ് തെന്നലയ്ക്ക് ഇറങ്ങേണ്ടി വന്നു. കെ മുരളീധരൻ കെ പി സി സി അധ്യക്ഷനായി. ആൻറണിയെ മുഖ്യമന്ത്രിയായി അംഗീകരിക്കുന്നതിന് കെ കരുണാകരൻ വച്ച ഉപാധിയായിരുന്നു കെ മുരളീധരനുള്ള അധ്യക്ഷ സ്ഥാനം. 2004 ആയപ്പോഴേക്കും മന്ത്രിയാകാൻ മുരളി മാറി. പകരം പി പി തങ്കച്ചൻ വന്നു. തങ്കച്ചന് അനങ്ങാൻ സമയം കിട്ടും മുൻപ് തെറിപ്പിച്ചു. പകരം എത്തിയതു വീണ്ടും തെന്നല ബാലകൃഷ്ണപിള്ള. തെന്നലയ്ക്കു പിന്നാലെ ഡൽഹിയിൽ നിന്നെത്തിയ രമേശ് ചെന്നിത്തല അധ്യക്ഷനായി.2014 വരെ ഒൻപതു വർഷമാണ് ചെന്നിത്തല അധ്യക്ഷനായി ഇരുന്നത്. എ കെ ആൻറണി രണ്ടു ടേമിലായി 10 വർഷം തികച്ചിട്ടുണ്ടെങ്കിലും ഒൻപതു വർഷം ഒറ്റയടിക്ക് കെ പി സി സി അധ്യക്ഷനായയാൾ ചരിത്രത്തിൽ വേറെ ഇല്ല. ആർ ശങ്കർ മുതൽ കെ എം ചാണ്ടിയും വയലാർ രവിയും സി വി പത്മരാജനും വരെയുള്ളവർക്കു സാധിക്കാത്തതാണ് രമേശ് ചെന്നിത്തല നേടിയത്. ആഭ്യന്തരമന്ത്രിയുടെ താക്കോൽ സ്ഥാനത്തേക്ക് രമേശ് ചെന്നിത്തല മാറിയിരുന്നില്ലെങ്കിൽ പത്തുവർഷം അതേ കസേരയിൽ തികയ്ക്കുമായിരുന്നു.
സുധീരൻ നയിച്ച കോൺഗ്രസ്
രമേശ് ചെന്നിത്തലയ്ക്കു പിന്നാലെ എത്തിയ വി എം സുധീരൻ എല്ലാ ഗ്രൂപ്പുകളുടേയും എതിർപ്പ് ഏറ്റുവാങ്ങി. ഒടുവിൽ ഗത്യന്തരമില്ലാതെ രാജിവയ്ക്കുമ്പോൾ പകരം വന്നതാണ് എം എം ഹസൻ. ഹസൻ നയിച്ച യാത്ര വടക്കുനിന്ന് തിരുവനന്തപുരത്ത് എത്തും മുൻപ് മുല്ലപ്പള്ളി രാമചന്ദനെ പുതിയ അധ്യക്ഷനാക്കി പ്രഖ്യാപനം വന്നു. 2018ൽ രാഹുൽ ഗാന്ധിയെ അധ്യക്ഷനായി തെരഞ്ഞെടുത്ത എഐസിസി തെരഞ്ഞെടുപ്പ് കമ്മിഷണർ ആയിരുന്ന മുല്ലപ്പള്ളിക്ക് ഉപകാര സ്മരണയാൽ കിട്ടിയതാണ് അധ്യക്ഷസ്ഥാനം എന്ന് അന്നേ വിമർശനമുയർന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും സ്ഥാനം നഷ്ടമായി. കേരളത്തിൽ ആദ്യമായി ഇടതുമുന്നണിക്കു ഭരണത്തുടർച്ചയുണ്ടായപ്പോൾ സ്വാഭാവികമായി സ്ഥാനം നഷ്ടപ്പെട്ടതായിരുന്നു ഇരുവർക്കും. രമേശ് ചെന്നിത്തല അധ്യക്ഷ സ്ഥാനത്തു നിന്നു 2014ൽ മാറിയപ്പോൾ മുതൽ നീക്കം നടത്തുന്നതാണ് കെ സുധാകരൻ. ഓരോ തവണ കെപിസിസി അധ്യക്ഷൻ മാറുമെന്ന ശ്രുതി വരുമ്പോഴും കെ എസ് നയിക്കട്ടെ എന്ന ബോർഡുകൾ തിരുവനന്തപുരത്ത് ഉയരുന്നതു പതിവായിരുന്നു.
സുധാകരൻ ലക്ഷ്യമിട്ടത് 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആയിരുന്നു. പിണറായി വിജയനെ തോൽപ്പിക്കാനുള്ള തെരഞ്ഞെടുപ്പ് നയിക്കും എന്നായിരുന്നു അതുവരെ പറഞ്ഞിരുന്നത്. സുധാകരന് കോൺഗ്രസിൽ ഉള്ള ഏറ്റവും വലിയ പോരായ്മ ഒപ്പം നിൽക്കാൻ ഒരുപാടു പേർ ഇല്ല എന്നതാണ്. കെ പി സി സി അധ്യക്ഷനായ ശേഷവും ഇഷ്ടക്കാരെ വളർത്തിയെടുക്കുന്നതിൽ സുധാകരൻ ശ്രദ്ധിച്ചില്ല. പഴയ ഐ ഗ്രൂപ്പിലെ നേതാവ് എന്ന നിലയിലാണ് നിന്നത് എങ്കിലും ഐ ഗ്രൂപ്പിലെ സ്വന്തം ഗ്രൂപ്പിൻറെ നേതാവ് എന്നതുമാത്രമാണ് ഇപ്പോൾ സ്ഥാനം. പഴയ ഐ ഗ്രൂപ്പ് പ്രബലരായ അഞ്ചുപേരുടെ കീഴിൽ വിഘടിച്ചു നിൽക്കുകയാണ്. ഐ ഗ്രൂപ്പിൽ ഒരുഭാഗം കെ സി വേണുഗോപാലിൻറെ കീഴിൽ. പിന്നൊരു ഭാഗം വി ഡി സതീശൻറെ കീഴിൽ. മൂന്നാമതൊരു വിഭാഗം രമേശ് ചെന്നിത്തലയുടെ കീഴിൽ. നാലാമത്തെ ഗ്രൂപ്പ് കെ മുരളീധരൻ. ഇതെല്ലാം കഴിഞ്ഞ് കെ സുധാകരനും. ഇവരാരും ഗ്രൂപ്പുണ്ടെന്നു സമ്മതിക്കില്ലെങ്കിലും ഐഗ്രൂപ്പ് അഞ്ചാണ് എന്നതിൽ കോൺഗ്രസുകാർക്കാർക്കും സംശയമില്ല. ഐ ഗ്രൂപ്പിലെ നാലു വിഭാഗവും എതിരായി എന്നതാണ് ഇപ്പോൾ കെ സുധാകരനെതിരായ ഘടകം.
പഴയ എ ഗ്രൂപ്പിനെ നയിക്കുന്നവർ?
കെ സി ജോസഫ്, ബെന്നി ബഹന്നാൻ, എം എം ഹസൻ, ഷാഫി പറമ്പിൽ, പി സി വിഷ്ണുനാഥ്, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരൊക്കെ പഴയ എ ഗ്രൂപ്പായി ഒന്നിച്ചു നടക്കുന്നവരാണ്. പക്ഷേ, ഇവരിൽ ആരാണ് നായകർ എന്നു ചോദിച്ചാൽ ആർക്കും ഉത്തരമില്ല. എ കെ ആൻറണിയുടെ പേരിൽ ഉമ്മൻചാണ്ടി നയിച്ചിരുന്ന ഗ്രൂപ്പ് ഏറ്റെടുത്ത ഈ നേതാക്കൾക്കു കീഴിലാണ് പഴയ എ ഗ്രൂപ്പ് അണികളിൽ നല്ലപങ്കും. നേതാവ് തെളിഞ്ഞുവരാത്തതുകൊണ്ടുള്ള ക്ഷീണം ഏതായാലും ഗ്രൂപ്പിനുണ്ട്. തിരുവഞ്ചൂർ രാധാകൃഷ്ണനും ടി സിദ്ദിഖുമൊക്കെ എ ഗ്രൂപ്പിൻറെ കണക്കിലുള്ളവരാണെങ്കിലും ഇപ്പോൾ വഴിമാറിയാണ് യാത്ര. കോട്ടയം കേന്ദ്രീകരിച്ച് തിരുവഞ്ചൂർ ഒറ്റയാക്കാണെന്നു തോന്നുമെങ്കിലും പഴയ എ ഗ്രൂപ്പിലെ കുറച്ച് അണികൾ കൂടെയുണ്ട്. വയനാട് മണ്ഡലത്തിൻറെ നടത്തിപ്പുകാരൻ എന്ന നിലയിൽ രാഹുൽ ഗാന്ധിയോടും പ്രിയങ്കയോടുമുള്ള അടുപ്പമാണ് ടി സിദ്ദിഖിനെ ഒറ്റയ്ക്കു നിർത്തുന്ന ധൈര്യം. ചാണ്ടി ഉമ്മൻ എ ഗ്രൂപ്പിലുണ്ടോ എന്നു ചോദിച്ചാൽ ആരും ഉണ്ടെന്നും പറയില്ല, ഇല്ലെന്നും പറയില്ല.ചാണ്ടി ഉമ്മൻ എവിടെയാണെന്ന് ഇപ്പോൾ ചാണ്ടി ഉമ്മന് മാത്രമാണ് അറിയാവുന്നത്. ഇതിനെല്ലാം പുറമെ എം പിമാരായ ശശി തരൂരും, എം കെ രാഘവനും പരസ്പര സഹായ സംഘങ്ങളായി പ്രവർത്തിക്കുന്നുണ്ട്.
ഐക്യകേരളം വന്ന കാലത്തിനു മുൻപു തുടങ്ങിയതാണ് കോൺഗ്രസിലെ ഗ്രൂപ്പും നേതാക്കളെ വലിച്ചു താഴെ ഇടലും. ആർ ശങ്കറും പി ടി ചാക്കോയും തമ്മിലുള്ള അടി സർക്കാരിനെ തന്നെ വലിച്ചു താഴെയിട്ടു. ഒടുവിൽ കെപിസിസി പ്രസിഡൻറ് സ്ഥാനത്തേക്കു മൽസരിച്ചു തോറ്റ പി ടി ചാക്കോ അധികം വൈകും മുൻപ് ഹൃദയാഘാതം വന്ന് അന്തരിച്ചു. ആ തീച്ചൂളയിൽ കേരളാ കോൺഗ്രസ് ഉണ്ടായി. 1967ൽ വെറും ഒൻപതു കോൺഗ്രസുകാരുമായി കരുണാകരൻ നയിച്ചുണ്ടാക്കിയതാണ് പിന്നെയുള്ള പാർട്ടിയും ഗ്രൂപ്പുകളും. എ കെ ആൻറണിയുടെ പേരിൽ ഉണ്ടായ ഗ്രൂപ്പിനു പുറമെ ഐഗ്രൂപ്പിനെ പിളർത്തി വയലാർ രവിയും ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. തിരുത്തൽവാദവും തിരുമ്മൽസംഘവുമെല്ലാം സജീവവുമായിരുന്നു. ഒടുവിൽ കെ സുധാകരനെ നീക്കാനിറങ്ങിയത് ഈ സകല ഗ്രൂപ്പുകളും ഒരുമിച്ചു ചേർന്നാണ്.
മുഖ്യമന്ത്രിക്കായി നടന്ന മൽസരത്തിൽ ചില ഗ്രൂപ്പുകൾ വീണ്ടും പൊട്ടിമുളച്ചു വളർന്നു പന്തലിച്ചു. പാർലമെൻററി പാർട്ടിയിൽ ഭൂരിപക്ഷവും കെ സി വേണുഗോപാലിന് ഒപ്പം നിന്നപ്പോൾ വി ഡി സതീശനെ രക്ഷിച്ചത് മുതിർന്ന നേതാക്കളും പ്രകടനം നടത്തിയ അണികളുമാണ്. 2006ൽ വിഎസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കിയ അതേ മാതൃകയാണ് 2026ൽ വി ഡി സതീശനെ തുണച്ചത്. പക്ഷേ ഇനി കെപിസിസി അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് അതിലും സങ്കീർണമായ പ്രക്രിയയാണ്. പിണറായി വിജയന് അനുകൂലമായ നീക്കത്തിലൂടെ വിഷയം ഒന്നുകൂടി സങ്കീർണമായിരിക്കുകയാണ്.
