നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരും. അവഗണനകൾക്ക് എതിരെ എപി സമസ്ത പരസ്യ പ്രക്ഷോഭത്തിലേക്ക് കടന്നതോടെയാണ് സർക്കാരും ലീഗ് നേതൃത്വവും ഇടപെട്ട് സമവായ നീക്കം നടത്തിയത്.
വഖഫ് ബോർഡ് പുനഃസംഘടനയിലെ വിവാദങ്ങൾ സർക്കാരിനും ലീഗ് നേതൃത്വത്തിനും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. സാദിഖലി തങ്ങൾ വിളിച്ചുചേർത്ത മുസ്ലിം സംഘടനകളുടെ യോഗത്തിൽ നിന്നും കാന്തപുരം വിഭാഗം വിട്ടുനിനിന്നതോടെ ലീഗും കാന്തപുരം വിഭാഗവും തമ്മിൽ സമീപകാലത്ത് രൂപപ്പെട്ട കൂട്ടുകെട്ടിലും വിള്ളൽ വീണു. ഇതോടെയാണ് സമവായ നീക്കങ്ങൾക്ക് വേഗതയുണ്ടായത്. എ പി വിഭാഗത്തിനും വഖഫ് ബോർഡിൽ അംഗത്വം ലഭിക്കുന്ന രീതിയിലാണ് സമവായ ഫോർമുല. നിലവിൽ ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം വഹിക്കുന്ന എപി വിഭാഗം പ്രസ്തുത പദവി രാജിവെക്കും. നിലവിൽ വഖഫ് ബോർഡ് അംഗമായ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയെ പകരം ഹജ്ജ് കമ്മറ്റി അധ്യക്ഷനാക്കും. ഇതോടെ വഖഫ് ബോർഡിൽ വരുന്ന ഒഴിവിലേക്ക് എ.പി വിഭാഗത്തിന് പ്രാതിനിത്യം നൽകാനുമാണ് നീക്കം. ഫോർമുല പരസ്യമാക്കിയില്ലെങ്കിലും വിവാദങ്ങളിൽ സമവായമായി എന്നും ബോർഡിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും വഖഫ് മന്ത്രി എൻ ഷംസുദ്ദീൻ അറിയിച്ചു.
AP വിഭാഗത്തിൻ്റെ പരാതിയിൽ പരിഹാരം ഉണ്ടാകണമെന്നാണ് തൻ്റെയും താല്പര്യമെന്ന് വഖഫ് ബോർഡ് ചെയർമാൻ മായീൻ ഹാജി പറഞ്ഞു. ജിഫ്രി തങ്ങളെയും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെയും കാണുമെന്നും മായീൻ ഹാജി.വിവാദങ്ങളിൽ കാന്തപുരവുമായി അനുനയ നീക്കം നടത്തണമെന്ന ലീഗ് സംസ്ഥാന ഭാരവാഹി യോഗത്തിലെ അഭിപ്രായങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു സമവായ ചർച്ചകൾ നടന്നത് .
