വഖഫ് ബോർഡ് പുനഃസംഘടനയിൽ കാന്തപുരം വിഭാഗത്തിന്റെ പ്രതിഷേധം തണുപ്പിക്കാൻ മുസ്ലിം ലീഗ്. എപി വിഭാഗത്തിന്റെ പരാതി ന്യായമാണെന്നും നേതാക്കളുമായി ചർച്ച നടത്തുമെന്നും പികെ കുഞ്ഞാലിക്കുട്ടി. അതേസമയം, ലീഗ് വിളിച്ച മുസ്ലിം സംഘടനകളുടെ യോഗത്തിൽ നിന്ന് വിട്ടുനിന്ന് പ്രതിഷേധം കടുപ്പിക്കുകയാണ് എപി വിഭാഗം.
വഖഫ് ബോർഡ് പുനഃസംഘടനയെച്ചൊല്ലി മുസ്ലിം ലീഗിനും സർക്കാരിനുമെതിരെ നിലപാട് കടുപ്പിചിരിക്കുകയാണ് കാന്തപുരം വിഭാഗം. പുതിയ ബോർഡിലെ പ്രാതിനിധ്യത്തിൽ അതൃപ്തി അറിയിച്ച എപി വിഭാഗം, പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. പ്രശ്നം പരിഹരിക്കാൻ വഖഫ് മന്ത്രി എൻ ഷംസുദ്ദീനും മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും നടത്തിയ പ്രതികരണങ്ങൾക്ക് പിന്നാലെയാണ് ഇപ്പോൾ പി.കെ കുഞ്ഞാലിക്കുട്ടിയുടെ അനുനയ നീക്കം.
എപി വിഭാഗവുമായി സംസാരിക്കുമെന്ന് വഖഫ് ബോർഡ് ചെയർമാൻ മായിൻ ഹാജിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, അനുനയ നീക്കങ്ങൾക്കപ്പുറം തങ്ങളുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുകയാണ് കാന്തപുരം വിഭാഗം. ഹജ്ജ് കമ്മിറ്റി, മദ്റസ ക്ഷേമനിധി ബോർഡ് എന്നിവയിലെ പ്രാതിനിധ്യം വഖഫ് ബോർഡിലെ അവഗണനയ്ക്ക് പരിഹാരമാകില്ലെന്നാണ് എപി വിഭാഗത്തിന്റെ നിലപാട്. പ്രാതിനിധ്യത്തിലെ അസംതൃപ്തി പരസ്യമാക്കിയതിന് പിന്നാലെ, ലീഗിന്റെ അനുനയ നീക്കങ്ങൾ എത്രത്തോളം ഫലം കാണുമെന്നതും ശ്രദ്ധേയമാണ്.
പ്രതിഷേധം പരസ്യമാക്കുന്നതിന്റെ തുടർച്ചയായി മുസ്ലിം ലീഗ് വിളിച്ചുചേർത്ത മുസ്ലിം മതസംഘടനകളുടെ യോഗത്തിലും എപി വിഭാഗം പങ്കെടുത്തില്ല. എസ്‌ഐആർ, എഫ്‌സിആർഎ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്ലിം സംഘടനകൾക്കിടയിൽ അഭിപ്രായ ഐക്യം രൂപീകരിക്കുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം. എപി വിഭാഗം വിട്ടുനിന്നപ്പോൾ മറ്റ് പ്രധാന മുസ്ലിം സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വഖഫ് ബോർഡ് വിഷയത്തിലെ തർക്കം പരിഹരിക്കാൻ ലീഗ് നടത്തുന്ന നീക്കങ്ങൾക്ക് എപി വിഭാഗം വഴങ്ങുമോ എന്നതാണ് ഇനി അറിയേണ്ടത്.
