മുസ്തഫൽ ഫൈസി സമസ്തയുടെ പ്രതിനിധി ആണെന്ന സാദിഖലി തങ്ങളുടെ പ്രതികരണം ജിഫ്രി തങ്ങൾ തള്ളി. മുസ്തഫൽ ഫൈസിയുടെ പ്രാതിനിധ്യം സമസ്തയോട് ചോദിച്ചിട്ട് അല്ലെന്നും വഖഫ് ബോർഡ് രൂപീകരണത്തിൽ സമസ്തയുമായി ആരും ചർച്ച നടത്തിയിട്ടില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു.
വഖഫ് ചെയർമാൻ എം സി മായീൻ ഹാജി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചതിന് ശേഷം ഇരുവരും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സമസ്തയുടെ അതൃപ്തി ജിഫ്രി തങ്ങൾ പരസ്യമാക്കിയത്. മായീൻ ഹാജിയെ വാനോളം പുകഴ്ത്തുന്നതായിരുന്നു ജിഫ്രിതങ്ങളുടെ പ്രതികരണം. മായീൻ ഹാജി ലീഗിന്റെ നോമിനിയും സമസ്തയുടെ ആളും ആണെന്നും രണ്ട് കൂട്ടർക്കും സന്തോഷിക്കാമെന്നും ജിഫ്രി തങ്ങൾ. എന്നാൽ വഖഫ് ബോർഡ് അംഗമായ മുസ്തഫൽ ഫൈസി സമസ്തയുടെ പ്രതിനിധി അല്ലന്ന് തുറന്ന് പറഞ്ഞു ജിഫ്രി തങ്ങൾ. വഖഫ് ബോർഡ് രൂപീകരണത്തിൽ സമസ്തയുമായി ആരും ചർച്ച നടത്തിയിട്ടില്ലെന്നും മുസ്തഫൽ ഫൈസിയുടെ പ്രാതിനിധ്യം സമസ്തയോട് ചോദിച്ചിട്ട് അല്ലെന്നും ജിഫ്രി തങ്ങളുടെ മറുപടി.
മുസ്തഫൽ ഫൈസി സമസ്തയുടെ പ്രതിനിധി ആണെന്ന് ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങളുടെ പ്രസ്താവനയെ കൂടി തള്ളുന്നതാണ് ജിഫ്രി തങ്ങളുടെ പ്രതികരണം. എപി വിഭാഗം ഉയർത്തിയ തലവേദന മറികടക്കാൻ സർക്കാരും ലീഗും ശ്രമിക്കുന്നതിനിടെയാണ് EK സമസ്ത കൂടി അതൃപ്തി പരസ്യമാക്കി രംഗത്തെത്തുന്നത്.
