ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കേരളത്തിലെ മെഡിക്കൽ കോളജുകൾക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കോളജുകളിൽ “അമ്മായിയമ്മ സിന്‍ഡ്രം” നിലനിൽക്കുന്നുവെന്നതടക്കം കടുത്ത നിരീക്ഷണങ്ങളാണ് കോടതി വാക്കാൽ വിമർശിച്ചത്. വിഷയത്തിൽ കമ്മീഷനെ നിയോഗിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കോടതി നിർദേശിച്ചു.കേസിൽ മുഖ്യപ്രതി ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ വിമർശനം.
”വിദ്യാര്‍ത്ഥികള്‍ ആയിരുന്നപ്പോള്‍ അധ്യാപകരിൽ നിന്ന് നേരിട്ട പീഡനം, തങ്ങളുടെ വിദ്യാർത്ഥികളും അനുഭവിക്കട്ടെ എന്നാണ് ചില അധ്യാപകരുടെ മാനസികാവസ്ഥ. പല വിദ്യാർത്ഥികളും നിരന്തര മാനസിക പീഡനത്തിന് ഇരകളാകുന്നു. ഭാവി ഭയന്ന് പലരും പുറത്തുപറയുന്നില്ല. ഒരു കമ്മീഷനെ വെച്ച് വിദ്യാർത്ഥികളിൽ നിന്ന് രഹസ്യമായി വിവരങ്ങൾ അന്വേഷിച്ചാൽ ഇക്കാര്യങ്ങൾ പുറത്തു വരുമെന്നും സിംഗിൾ ബെഞ്ച് വിമർശിച്ചു”.ഇന്റേണൽ മാർക്കിന്റെ പേരിൽ ഉൾപ്പെടെ ക്രൂരമായ മാനസിക സമ്മർദ്ദം നടക്കുന്നതായും, വിഷയത്തിൽ രഹസ്യ സ്വഭാവത്തിൽ അന്വേഷണം നടത്തി വിദ്യാർത്ഥികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.ഡോ. എം.കെ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
