സമൂഹമാധ്യമങ്ങളിലൂടെ അതിരുവിട്ട പ്രകടനങ്ങൾ നടത്തിയ യൂട്യൂബർ ‘തൊപ്പി’ക്കും കൂട്ടർക്കുമെതിരെ കർശന നടപടിക്കൊരുങ്ങി പൊലീസ്. സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച തൊപ്പിയെന്ന മുഹമ്മദ് നിഹാദിനെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. ലഹരിയുപയോഗം പ്രോത്സാഹിപ്പിച്ചതടക്കമുള്ള പരാതികളിൽ കൂടുതൽ കേസുകളെടുക്കാനും തീരുമാനമുണ്ട്.
കൗമാരക്കാരുൾപ്പെടെ ആയിരക്കണക്കിന് ഫോളോവേഴ്‌സുള്ള മുഹമ്മദ് നിഹാദിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലെ ഉള്ളടക്കങ്ങൾ പരിധിവിട്ടു തുടങ്ങിയിട്ട് നാളേറെയായി. സ്ത്രീകൾക്കെതിരായ അധിക്ഷേപം, ലഹരിയുപയോഗത്തെ പ്രോത്സാഹിപ്പിക്കൽ തുടങ്ങി കൗമാരക്കാരെ കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന രീതിയിലുള്ള ഉള്ളടക്കങ്ങൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതിയെത്തിയിരുന്നു. തൊപ്പിയോടൊപ്പം ഒരു കൂട്ടം സുഹൃത്തുക്കളും ചേർന്നാണ് ഇത്തരം വീഡിയോകൾ ചെയ്തിരുന്നത്. എന്നാൽ, ഏതാനും ആഴ്ചകൾക്ക് മുൻപ് ഈ സംഘത്തിൽ ഭിന്നതയുണ്ടായി.
ഇതിനുപിന്നാലെ, വാടകവീട് കേന്ദ്രീകരിച്ച് നടക്കുന്ന നിയമവിരുദ്ധ ഇടപാടുകൾ സുഹൃത്തുക്കൾ തന്നെ പുറത്തുപറഞ്ഞു. ഈ വീട്ടിൽ ലഹരിമരുന്ന് സൂക്ഷിക്കുന്നുണ്ടെന്നും ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു വെളിപ്പെടുത്തൽ. ഇതിന് മറുപടിയെന്നോണമാണ് സുഹൃത്തുക്കളുടെ അശ്ലീല ദൃശ്യങ്ങൾ തൊപ്പി പുറത്തുവിട്ടത്. പോക്‌സോ വകുപ്പ് വരെ ചുമത്താൻ കഴിയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രചരിപ്പിച്ചത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എറണാകുളം റൂറൽ സൈബർ പൊലീസ് തൊപ്പിക്കെതിരെ കേസെടുത്തത്. ഐടി ആക്ടിലെ വിവിധ വകുപ്പുകളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്.
ഇതിനുപുറമെ കൊച്ചി സിറ്റി സൈബർ പൊലീസിനും കളമശ്ശേരി, വരാപ്പുഴ പൊലീസിനും തൊപ്പിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇതിൽ പ്രാഥമിക അന്വേഷണം നടക്കുകയാണ്. വരാപ്പുഴ സ്റ്റേഷൻ പരിധിയിലെ വാടകവീട്ടിലാണ് തൊപ്പിയും കൂട്ടരും താമസിച്ചിരുന്നത്. തനിക്കെതിരെ രംഗത്തുവന്ന സുഹൃത്തുക്കൾക്കെതിരെ തൊപ്പിയും വരാപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
