സർക്കാർ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ഉൾപ്പെടെയുള്ള പോഷക സംഘടനകളുടെ നിലപാടുകൾ തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. പോഷക സംഘടനകൾ നൽകുന്ന പട്ടികയിൽ ഒപ്പിട്ട് നിയമനം നൽകുന്ന സർക്കാരല്ല തങ്ങളുടേതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, നിയമനങ്ങളിലെ അതൃപ്തി നേരിട്ട് അറിയിക്കാൻ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഉടൻ മുഖ്യമന്ത്രിയെ കാണും.
ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് നൽകിയ പട്ടികയിലുണ്ടായിരുന്ന ജിയോണ ജെയിംസിന്റെയും ശ്യാമിന്റെയും നിയമനവുമായി ബന്ധപ്പെട്ടാണ് വിവാദം ഉയർന്നത്. നിയമനത്തിന് മുമ്പ് അഡ്വക്കേറ്റ് ജനറലിനോടും സർക്കാർ തലത്തിലും അന്വേഷണം നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നും, ഇക്കാര്യത്തിൽ ഔദ്യോഗികമായി ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദം മാധ്യമങ്ങൾ അനാവശ്യമായി വലുതാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിയോണ ജെയിംസിന്റെ നിയമനത്തിനെതിരെ ലോ കോളേജിലെ മുൻ സംഘടനാ ഭാരവാഹികൾ നൽകിയ കത്തിനെക്കുറിച്ചുള്ള ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകി.അതേസമയം, പാർട്ടിക്കായി പ്രവർത്തിച്ചവരെ അവഗണിച്ചുള്ള സർക്കാർ സമീപനം അംഗീകരിക്കാനാകില്ലെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ച കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, വിഷയത്തിൽ തന്റെ പരാതി മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിക്കുമെന്ന് വ്യക്തമാക്കി.സർക്കാർ നിയമനങ്ങളിൽ പാർട്ടിയോ മുന്നണിയോ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് ഇന്നും മുഖ്യമന്ത്രി ആവർത്തിച്ചത്. നിയമനങ്ങളിൽ ഇനി പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
