36 മണിക്കൂർ നീളുന്ന തൃശ്ശൂർ പൂരം ചടങ്ങുകൾ പുരോഗമിക്കുകയാണ്. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങൾ ഒഴിവാക്കിയാണ് ഇത്തവണത്തെ പൂരം.വെടിക്കെട്ട് ഒഴിവാക്കിയും കുടമാറ്റത്തിന്റെ സമയം പുനഃക്രമീകരിച്ചുമാണ് ചടങ്ങുകൾ നടത്തുന്നത്.
അതിരാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. പിന്നാലെ പൂരാവേശം ഉച്ചസ്ഥായിയിൽ . ഘടകപ്പൂരങ്ങൾ ഓരോന്നായി വടക്കും നാഥ സന്നിധിയിലെത്തി മടങ്ങി. മേട സൂര്യൻ്റെ ചൂടിനെ ആസ്വാദന ലഹരിയിൽ ചെറുത്തുതോൽപ്പിച്ചു പൂര പ്രേമികൾ.
കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ മഠത്തിൽ വരവ് പഞ്ചവാദ്യം അരങ്ങേറി. ഉച്ചയ്ക്ക് 2 മണിയോടെയാണ് പൂരപ്രേമികൾ കാത്തിരിയ്ക്കുന്ന ഇലഞ്ഞിത്തറ മേളം വടക്കുംനാഥ ക്ഷേത്രത്തിനകത്ത് നടക്കുക.വൈകീട്ട് 5.30 ന് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങളുടെ വിശ്വപ്രസിദ്ധമായ കുടമാറ്റം നടക്കും.ശബ്ദ-വർണ്ണ വിസ്മയങ്ങൾ കുറവായെങ്കിലും, ആചാരങ്ങൾ നിലനിർത്തിയുള്ള പൂരം എന്ന നിലയിൽ ഇത്തവണത്തെ ആഘോഷം ശ്രദ്ധേയമാകുന്നു.നാളെ പകൽപൂരത്തിന് ശേഷം ഇരുഭഗവതിമാരും ഉപചാരം ചൊല്ലി പിരിയുന്നതോടെ ഈ വർഷത്തെ പൂരത്തിന് സമാപനമാകും.
സാംസ്കാരികനഗരി പൂരാവേശത്തിൽ. വെടിക്കെട്ട് ഒഴിവാക്കി നിയന്ത്രണങ്ങളോടെ പൂരം പുരോഗമിക്കുന്നു
