തൃശൂർ പൂര വെടിക്കെട്ട് നടത്തിപ്പുമായി ബന്ധപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് വിരുദ്ധാഭിപ്രായങ്ങൾ. വെടിക്കെട്ട് പൂർണമായി ഒഴിവാക്കുമെന്ന് തിരുവമ്പാടി പറഞ്ഞപ്പോൾ സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കുമെന്നാണ് പാറമേക്കാവിൻ്റെ നിലപാട്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിർണായകയോഗം പുരോഗമിക്കുകയാണ്.
ആർഭാടങ്ങൾ കുറച്ച് പൂരം നടത്തുക എന്നതാണ് ദേവസ്വത്തിന്റെ നിലപാട് എന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ ബിഗ് ടിവിയോട് പറഞ്ഞു. സാമ്പിൾ വെടിക്കെട്ട് ഉൾപ്പെടെ 25 വരെയുള്ള എല്ലാ ആഘോഷങ്ങളും ഉപേക്ഷിക്കുകയാണ്. വെടിക്കെട്ട് പൂർണ്ണമായും ഉപേക്ഷിക്കും. മറ്റ് ചടങ്ങുകളും ആഘോഷങ്ങളും പൊലിമ നഷ്ടപ്പെടാതെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷ കമ്മിറ്റി കൂടിയതിനുശേഷം തീരുമാനങ്ങൾ സർക്കാരുമായുള്ള ചർച്ചയിൽ ഉന്നയിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ, പൂരം വെടിക്കെട്ട് നടത്തണമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു. സാമ്പിൾ ഒഴിവാക്കാമെന്നാണ് പറഞ്ഞത്. പൂരത്തിന്റെ ദിവസം രാത്രി വെടിക്കെട്ടും പകൽ വെടിക്കെട്ടും മുറപോലെ നടക്കണം. ഇതാണ് ഇന്നലെ ഉണ്ടായ വികാരം. തങ്ങളെ തിരഞ്ഞെടുത്തത് പൂരം നടത്താനാണ്. പാറമേക്കാവ് ലൈസൻസിക്കെതിരെ പോലീസ് കേസെടുത്തു എന്ന വാർത്ത തെറ്റാണ്. തങ്ങൾക്ക് എതിരായ നടപടിയിൽ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം. പെസോ നിർദ്ദേശപ്രകാരമാണ് എല്ലാം ചെയ്തത്. അല്ലെങ്കിൽ നിയമപരമായി നേരിടും. 6000 കിലോ വരെ സൂക്ഷിക്കാൻ ലൈസൻസിക്ക് അനുവാദം ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു.
