സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 4,14,290 പേരാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. 99.07 ആണ് വിജയ ശതമാനം. 30,514 വിദ്യാർഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. മന്ത്രിയുടെ അഭാവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്.
കേരളം, ലക്ഷദ്വീപ് മേഖലകളിലായി 4,14,290 വിദ്യാർഥികളാണ് ഇക്കുറി പത്താം ക്ലാസ് പരീക്ഷ എഴുതിയത്. അതിൽ 4,10, 456 വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയ ശതമാനത്തിൽ 0.43 കുറവ് ഉണ്ടായി. 30,514 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. എന്നാൽ 2025നെ അപേക്ഷിച്ച് നേർപകുതിയാണ് ഇത്തവണത്തെ എ പ്ലസ് നേടിയവരുടെ എണ്ണം. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ എല്ലാ വിദ്യാർഥികളും വിജയിച്ചു. ലക്ഷദ്വീപ് മേഖലയിലെ വിജയം 97.67 ശതമാനമാണ്. 2,105 സ്കൂളുകൾ നൂറുമേനി വിജയം നേടി. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ടയിലും കുറവ് തിരുവനന്തപുരത്തുമാണ്. എ പ്ലസ് നേട്ടത്തിൽ കൊല്ലം ജില്ലയാണ് മുന്നിൽ. കരിക്കുലം മാറിയതായിരിക്കാം വിജയശതമാനമടക്കം കുറയാൻ കാരണമെന്നും കൃത്യമായി പരിശോധിക്കുമെന്നും പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് പറഞ്ഞു.
പുനർ മൂല്യനിർണയത്തിന് നാളെ മുതൽ ഈ മാസം 21 വരെ ഓൺലൈനായി അപേക്ഷിക്കാം. സേ പരീക്ഷകൾ ജൂൺ ആദ്യവാരം ആരംഭിക്കുകയും ഫലം മാസാവസാനം പ്രഖ്യാപിക്കുകയും ചെയ്യും. ഈ മാസം 25 മുതൽ പ്ലസ് വൺ പ്രവേശനത്തിനുള്ള നടപടികൾ ഓൺലെെനായി ആരംഭിക്കും.
