കന്യാകുമാരിയില്‍ കാണാതായ കോട്ടയം സ്വദേശികളായ സഹോദരിമാരുടെ മൃതദേഹം കടലില്‍ കണ്ടെത്തി. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ കോട്ടയം കിടങ്ങൂര്‍ സ്വദേശികളായ ആന്‍ ഫിലിപ്പ് (35), ഇളയ സഹോദരി മീര ഫിലിപ്പ് (32) എന്നിവരെയാണ് കടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ കന്യകുമാരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്ന് രാവിലെ കന്യാകുമാരിയിലെ വാവതുറൈ ചൂണ്ടവളവ് പ്രദേശത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയി തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പാറകളിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
പിന്നാലെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി വിശദമായി പരിശോധിച്ചപ്പോഴാണ് കന്യാകുമാരിൽ നിന്ന് കാണാതായ യുവതികളുടെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞത്.
അമേരിക്കയിൽ താമസിക്കുന്ന ഇവര്‍ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. കോട്ടയത്ത് എത്തിയ ഇരുവരും രാമേശ്വരം, മധുര തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് 26ന് വൈകിട്ടാണ് കന്യാകുമാരിയിലെത്തിയത്. ഇവിടെ നിന്ന്പു റത്തുപോയ ഇവര്‍ രണ്ട് ദിവസം കഴിഞ്ഞിട്ടും ഹോട്ടലില്‍ തിരിച്ചെത്തിയില്ല. ഹോട്ടല്‍ ജീവനക്കാര്‍ വിവരം
അറിയിച്ചതിനെ തുടര്‍ന്ന് കന്യാകുമാരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഹോട്ടലിൽ ഇവര്‍ നല്‍കിയ മൊബൈല്‍ നമ്പരില്‍ വിളിച്ച് ഹോട്ടൽ ജീവനക്കാര്‍ ഇവരുടെ
വീട്ടുകാരെയും വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന് ബന്ധുക്കൾ കന്യാകുമാരിയിലെത്തി വിവിധയിടങ്ങളില്‍ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. ബന്ധുക്കളുടെ പരാതിയില്‍ കന്യാകുമാരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി. കടൽത്തീരത്ത് വച്ച് അപകടം സംഭവിച്ചതാണോ, മറ്റെന്തെങ്കിലുമാണോ എന്ന് പൊലീസ് വിശദമായി പരിശോധിക്കുകയാണ്.
