സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ കെട്ടികിടക്കുന്നത് മുപ്പതിനായിരത്തിലധികം വാഹനങ്ങൾ.വർഷങ്ങൾ പഴക്കം ചെന്ന വാഹനങ്ങൾ നീക്കാൻ ഫലവത്തായ പദ്ധതികൾ നടപ്പിലാക്കാത്തതാണ് തിരിച്ചടി. പുതിയ ആഭ്യന്തര മന്ത്രിയിലാണ് പോലീസിന്റെയും നാട്ടുകാരുടെയും പ്രതീക്ഷ.ബൈക്കുകളും കാറുകളും ജീപ്പുകളും ബസുകളും വരെ സ്റ്റേഷൻ വളപ്പുകളിൽ വർഷങ്ങളായി കിടക്കുന്നു. കേസുമായി ബന്ധപ്പെട്ട വാഹനങ്ങൾ, അപകടത്തിൽപ്പെട്ടവ, തൊണ്ടിമുതൽ എന്നിവയുമാണ് ഇങ്ങനെ കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്തെ 484 പൊലീസ് സ്റ്റേഷനുകളിലായി ഏകദേശം 30,000-ത്തിലധികം വാഹനങ്ങളുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇതിൽ 70 ശതമാനവും ഇരുചക്രവാഹനങ്ങളാണ്.
.മുൻപ് ലേലം വഴി നീക്കം നടത്തിയിരുന്നെങ്കിലും നടപടികൾ മന്ദഗതിയിലായതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എംഎസ്ടിസി പോർട്ടൽ വഴി തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ വാഹനങ്ങൾ കാര്യക്ഷമമായി നീക്കം ചെയ്യുമ്പോൾ കേരളത്തിൽ അത് വൈകുകയാണ്. വാഹനങ്ങൾ കൃത്യസമയത്ത് നീക്കം ചെയ്ത് ഖജനാവിലേക്ക് വരുമാലമാക്കുന്ന സംവിധാനം മറ്റ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ സമഗ്രമായ സംവിധാനമില്ലാത്തത് സ്റ്റേഷനുകളെയും ഭരണ സംവിധാനത്തെയും ബാധിക്കുന്നു. വാഹനങ്ങൾ ഉടൻ നീക്കം ചെയ്യുമെന്ന് മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നൽകിയ ഉറപ്പിലാണ് ഇനി പ്രതീക്ഷ.കണക്കെടുത്ത് നടപടികൾ ആരംഭിക്കാൻ പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
