2026 കേരള നിയമസഭ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ യു.ഡി.എഫ് സമ്പൂർണ വിജയം നേടി. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മുന്നേറ്റം കൈവരിച്ച മുന്നണി, പരമ്പരാഗത ശക്തികേന്ദ്രത്തിൽ ആധിപത്യം നിലനിർത്തി. എൽ.ഡി.എഫിന് ഒരു സീറ്റും നേടാനായില്ല. സംസ്ഥാനതല രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ മുന്നേറ്റമായാണ് ഈ ഫലം വിലയിരുത്തപ്പെടുന്നത്.
നിലമ്പൂർ, വണ്ടൂർ, തവനൂർ, പൊന്നാനി എന്നീ നാലു മണ്ഡലങ്ങളിൽ കോൺഗ്രസും ബാക്കിയുള്ള 12 മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുമാണ് വിജയിച്ചിരിക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ച് കയറിയത്.
മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ മലപ്പുറത്ത് നേടിയ സമഗ്രാധിപത്യം ലീഗിന്റെ ചരിത്രപരമായ അഭിമാന നിമിഷമാണ്. ഇടതുപക്ഷത്തിന്റെ കൈയിലായിരുന്ന താനൂർ പിടിച്ചെടുക്കാനായത് മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായി സി.എച്ച് മുഹമ്മദ് കോയ ഉൾപ്പെടെയുള്ള ലീഗിന്റെ തലമുതിർന്ന നേതാക്കളുടെ തട്ടകമായിരുന്ന താനൂർ, 2016-ലാണ് വി. അബ്ദുറഹ്മാൻ പിടിച്ചെടുത്തതോടെ ലീഗിന് നഷ്ടമായാത്. കഴിഞ്ഞ തവണ ചെറിയ വോട്ടുകളുടെ വ്യത്യാസത്തിനാണ് താനൂർ ലീഗിന് കൈവിട്ടത്. ഇത്തവണ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെ ഇറക്കിയാണ് ലീഗ് മണ്ഡലം തിരിച്ചുപിടിച്ചിരിക്കുന്നത്.
വേങ്ങരയിൽ നിന്ന് മലപ്പുറം മണ്ഡലത്തിലേക്ക് മാറിയ പി.കെ കുഞ്ഞാലിക്കുട്ടിയാണ് ലീഗ് നിരയിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത്. മിക്ക മണ്ഡലങ്ങളിലും മുസ്ലിം ലീഗിന് കാര്യമായ മത്സരം പോലും ജില്ലയിൽ നേരിടേണ്ടി വന്നിരുന്നില്ല. വേങ്ങര, തിരൂർ, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ കടുത്ത പോരാട്ടത്തിന്റെ സൂചനകളുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തിൽ അവയൊന്നും പ്രകടമായില്ല.
ജില്ലയിൽ ആദ്യമായാണ് കോൺഗ്രസ് നാലു മണ്ഡലങ്ങളിൽ വിജയിക്കുന്നത്. മുൻ മന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ കെ.ടി ജലീലിനെ തോൽപ്പിച്ചാണ് ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ് വിജയിച്ചത്. അതേസമയം, ഏത് കൊടുങ്കാറ്റിലും ഉലയാതെ എൽ.ഡി.എഫിനൊപ്പം ഉറച്ച് നിന്നിരുന്ന പൊന്നാനിയും പിടിച്ചെടുത്തത് ജില്ലയിലെ കോൺഗ്രസിന് വമ്പൻ നേട്ടമായി. കെ.പി നൗഷാദലിയാണ് എൽ.ഡി.എഫിലെ എം.കെ സക്കീറിനെ പരാജയപ്പെടുത്തിയത്. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും വണ്ടൂരിൽ എ.പി അനിൽ കുമാറും മണ്ഡലങ്ങൾ നിലനിർത്തി.
