മോഡലിംഗ് സെക്സ് റാക്കറ്റ് കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിച്ച് പൊലീസ്. റാക്കറ്റുമായി അടുത്ത ബന്ധം പുലർത്തിയതായി സംശയിക്കുന്ന ചില ചലച്ചിത്ര പ്രവർത്തകരെയും ഇവരോടൊപ്പം വിവിധ പരിപാടികളിൽ പങ്കെടുത്തവരെയും അന്വേഷണസംഘം ചോദ്യം ചെയ്യും. കേരളത്തിലുടനീളം റാക്കറ്റിന് കണ്ണികളുണ്ട് എന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഇവരുടെ വലയിൽപ്പെട്ടിട്ടുണ്ടെന്നും ചലച്ചിത്രതാരം ബിഗ് ടിവിയോട് വെളിപ്പെടുത്തി.
സിനിമയിലും പരസ്യ ചിത്രത്തിലും അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞാണ് പലരെയും മോഡലിങ് രംഗത്തേക്ക് ആകർഷിക്കുന്നത്. ഇവർക്ക് കേരളത്തിലുടനീളം കണ്ണികളുണ്ട്. നിരവധി പെൺകുട്ടികൾ, പ്രത്യേകിച്ച് സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ കുട്ടികൾ റാക്കറ്റിന്റെ വലയിൽ അകപ്പെട്ടിട്ടുണ്ടെന്ന് ഒരു ചലച്ചിത്രതാരം ബിഗ് ടിവിയോട് വെളിപ്പെടുത്തി. ദുബായിൽ കുടുങ്ങിയിട്ടുള്ള നിരവധി പെൺകുട്ടികളെ രക്ഷപ്പെടുത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. ഒത്തിരി പെൺകുട്ടികൾ ഇപ്പോഴും രക്ഷപ്പെടാനുണ്ട്. ഇക്കാര്യം പുറത്തുപറഞ്ഞാൽ തനിക്കും ഭീഷണിയാണെന്നും താരം പറഞ്ഞു.
പ്രമോഷൻ പരിപാടികൾ, ഉദ്ഘാടനച്ചടങ്ങുകൾ, ഫാഷൻ ഷോകൾ തുടങ്ങിയവയിൽ സിനിമാ മേഖലയുമായി ബന്ധമുള്ള ചിലരും ഇവരോടൊപ്പം ഉണ്ടായിരുന്നുവെന്ന വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചു. ഇവരിൽ നിന്നും വിവരങ്ങൾ തേടും.
കേസിൽ പിടിയിലായ സിന്ധുവിന്റെ യഥാർത്ഥ പേര് സ്റ്റോയിസി എന്നാണ്. സ്റ്റോയിസിയുടെ പാസ്‌പോർട്ടിന്റെ പകർപ്പും ബിഗ് ടിവിക്ക് ലഭിച്ചു. പിടിയിലായ അലീനയുടെയും സ്റ്റോയിസിയുടെയും ബന്ധങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. മാനഹാനി ഭയന്നാണ് പലരും പരാതി നൽകാത്തത്. ഇതിനിടെ ചിലരെ അലീനയും സംഘവും ഭിഷണിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
