സംസ്ഥാനത്ത് മിൽമ പാലിന് വില കൂട്ടി. മുമ്പ് നിശ്ചയിച്ചത് പോലെ ലിറ്ററിന് 4 രൂപ വർധിപ്പിക്കാനാണ് തീരുമാനം. നാളെ മുതൽ പുതുക്കിയ വില നിലവിൽ വരും. ഇതോടെ സംസ്ഥാനത്ത് ഒരു ലിറ്റർ മിൽമ പാലിന്റെ വില 56 രൂപയായി ഉയരും. കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർധന പ്രാബല്യത്തിൽ വരും എന്ന് തീരുമാനിച്ചിരുന്നു.
സർക്കാർ റെസല്യൂഷൻ വഴി വില വർധനവ് പാസാക്കാൻ ശ്രമിച്ചെങ്കിലും ഡയറക്ടർ ബോർഡ് അംഗങ്ങളിൽ എട്ട് പേർ മാത്രമാണ് അതിൽ ഒപ്പുവെച്ചത്. പതിനെട്ട് അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ ഭൂരിപക്ഷം പേരും സർക്കുലറിൽ ഒപ്പിടുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും, ബോർഡ് യോഗം ചേർന്ന് വിലവർധനവിന് കൃത്യമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ന് നടന്ന ഡയറക്ടർ ബോർഡ് യോഗമാണ് അന്തിമ അംഗീകാരം നൽകുന്നത്.
83.76% വിഹിതം കർഷകർക്ക് ലഭിക്കും. ഇതിലൂടെ കർഷകന് 3.33 രൂപ ലാഭം നേരിട്ട് ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. 6.25% സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5% മിൽമയ്‌ക്ക് ലഭിക്കും. 0.75% ക്ഷേമനിധിയിലേക്ക് മാറ്റിവെക്കും. 0.5% പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകായി മാറ്റിവെയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് മിൽമ വിലവർധനവിനായുള്ള നടപടികൾ ആരംഭിച്ചത്. തുടർന്ന് സർക്കാർ നിയോഗിച്ച മൂന്നംഗ പഠനസമതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ വിലവർധനവ് നടപ്പിലാക്കുന്നത്. അതേസമയം, പാലിന്റെ വില കൂടുന്നതോടെ പാലുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ ഉത്പന്നങ്ങൾക്കും വില വർധിപ്പിക്കാൻ സാധ്യതയുണ്ട്.
