കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മധ്യപ്രദേശ് കോടതിയെ സമീപിക്കാനാണ് ഒരുമാസം സാവകാശം നല്‍കിയത്. ഇക്കാലയളവിൽ അറസ്റ്റ് ചെയ്യരുതെന്ന് എന്നും കോടതി ഉത്തരവിട്ടു.
പെൺകുട്ടിയും, ഭർത്താവ് മുഹമ്മദ് ഫർമാനും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വിധി പറഞ്ഞത്. കേസ് രജിസ്റ്റർ ചെയ്ത മധ്യപ്രദേശിലെ ഹൈക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചു. ഒരു മാസം സാവകാശവും കോടതി അനുവദിച്ചു. അതുവരെ അറസ്റ്റ് പാടില്ലെന്നാണ് ഉത്തരവ്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്‌തു എന്നതടക്കമുള്ള കുറ്റങ്ങളാണ് ഭർത്താവ് മുഹമ്മദ് ഫർമാനെതിരെ മധ്യപ്രദേശ് പൊലീസ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയെ കേസിൽ ഇരയായി കണ്ട് ആവശ്യമായ സംരക്ഷണം നൽകാൻ തയ്യാറാണെന്നും മധ്യപ്രദേശ് പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു. ഇന്നലെ ഹർജി പരിഗണിച്ചപ്പോൾ മധ്യപ്രദേശ് പൊലീസ് മുൻകൂർ ജാമ്യഹർജിയെ എതിർത്തിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹം അസാധുവാണെന്നും പൊലീസ് കോടതിയിൽ വാദിച്ചു. സമർപ്പിക്കപ്പെട്ട സർട്ടിഫിക്കറ്റിലെ ജനനത്തീയതിയും ആശുപത്രി രേഖകളും തമ്മിൽ വലിയ പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടിയിരുന്നു.
