കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ താരം മോണാലിസയും ഭർത്താവും മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചു. തന്റെ വിവാഹവുമായി ബന്ധപ്പെട്ട പ്രായരേഖകളിൽ സംസ്ഥാന സർക്കാർ തിരിമറി നടത്തിയെന്ന് ആരോപിച്ചാണ് ഇരുവരും കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. മിശ്രവിവാഹത്തിന്റെ പേരിൽ തങ്ങളെ വേട്ടയാടുകയാണെന്നും വ്യാജ ക്രിമിനൽ കേസിൽ നിന്ന് തങ്ങൾക്ക് സംരക്ഷണം വേണമെന്നും ദമ്പതികൾ ഹർജിയിൽ ആവശ്യപ്പെടുന്നു
മാർച്ച് 11ന് കേരളത്തിൽ വെച്ചായിരുന്നു മോണാലിസയും മുഹമ്മദ് ഫർമാൻ ഖാനും കേരളത്തിൽ വെച്ച് വിവാഹിതരായത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. എന്നാൽ മോണാലിസയ്ക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും ബാലവിവാഹമാണെന്നും ആരോപിച്ച് മധ്യപ്രദേശ് പൊലീസ് ഫർമാനെതിരെ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുക്കുകയായിരുന്നു.
തനിക്ക് പ്രായപൂർത്തിയായതാണെന്നും, തങ്ങളുടെ വിവാഹത്തെ ക്രിമിനൽ കുറ്റമാക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ചേർന്ന് ജനന സർട്ടിഫിക്കറ്റിൽ തിരിമറി നടത്തിയെന്നുമാണ് മോണാലിസയുടെ പ്രധാന ആരോപണം. മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിലാണ് ദമ്പതികൾ സംരക്ഷണം തേടി റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. യഥാർത്ഥ ജനന സർട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കുക, വ്യാജരേഖ ചമച്ചതിനെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുക, അതുവരെ പൊലീസ് നടപടികളിൽ നിന്ന് സംരക്ഷണം നൽകുക എന്നിവയാണ് കോടതിക്ക് മുന്നിലെത്തിയ ഹർജിയിലെ പ്രധാന ആവശ്യങ്ങൾ.
പ്രയാഗ്‌രാജിൽ നടന്ന കുംഭമേളയിൽ രുദ്രാക്ഷ മാലകൾ വിൽക്കുന്നതിനിടെയുള്ള വീഡിയോകളിലൂടെയാണ് മോണാലിസ ഭോസ്‌ലെ രാജ്യമെമ്പാടും ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമാ മേഖലയിലും മോണാലിസ പ്രവർത്തിച്ചിട്ടുണ്ട്.
