കിഴക്കമ്പലം മലയിടംതുരുത്തിൽ ദളിത് കുടുംബങ്ങളെ കുടിയിറക്കാനുള്ള നടപടിക്കിടെ ഉണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. സിപിഎം നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയുന്ന 50 പേർക്കെതിരെയാണ് കേസ്.സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 15-ാം തവണയാണ് അഭിഭാഷക കമ്മീഷൻ കുടിയൊഴിപ്പിക്കൽ നടപടിക്കായി എത്തിയത്. പ്രതിഷേധം ശക്തമായതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും സ്ത്രീകൾ ഉൾപ്പെടെയുള്ള സമരക്കാരെ ബലമായി നീക്കുകയും ചെയ്തു. പോലീസിന്റെ ഇടപെടലിൽ പരിക്കേറ്റ ചന്ദ്രൻ ആശുപത്രിയിൽ തുടരുകയാണ്.
ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിലാണ് തടിയിട്ട് പറമ്പ് പോലീസ് നടപടി എടുത്തത്. കഴിഞ്ഞ 14 തവണയും ഇല്ലാതിരുന്ന ശക്തമായ പോലീസ് ഇടപെടലിനെതിരെ റൂറൽ എസ്പിയോട് ഡിഐജി റിപ്പോർട്ട് തേടി.ദളിത് കുടുംബങ്ങൾക്കെതിരായ ബലപ്രയോഗം അംഗീകരിക്കാനാവില്ലെന്നും സർക്കാർ മാറിയതിന്റെ പേരിൽ കുടിയിറക്കൽ നടത്താനാകില്ലെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് പ്രതികരിച്ചു.അതേസമയം അഭിഭാഷക കമ്മീഷൻ അഡ്വ. ജയപാൽ നടപടിക്രമങ്ങൾ വിശദീകരിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. സർക്കാർ ഇടപെടൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
