പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം നേതൃത്വത്തെ വോട്ടിലൂടെ തിരുത്തി അണികൾ. രക്തസാക്ഷി ഫണ്ട് തട്ടിപ്പും കുടുംബാധിപത്യവും ഉൾപ്പെടെ വിമതർ ഉയർത്തിയ ആരോപണങ്ങൾ പാർട്ടി അടിത്തറയിൽ തന്നെ സ്വാധീനം ചെലുത്തിയതിന്റെ തെളിവായി ഈ ജനവിധി മാറി. തോൽവിയിൽ നിന്ന് പഠിക്കണമെന്നും തെറ്റുതിരുത്തണമെന്നും പി ജയരാജൻ പറഞ്ഞതോടെ കണ്ണൂർ സിപിഎമ്മിൽ മുന്നിലുള്ള ദിവസങ്ങൾ കൂടുതൽ കലുഷിതമാകാനാണ് സാധ്യത.
സിപിഎം വിട്ട മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ തിരഞ്ഞെടുപ്പിൽ നിർണായകമായി.കുഞ്ഞികൃഷ്ണന്റെ പുസ്തകത്തിന്റെ പേര് പോലെ പാർട്ടിക്കോട്ടകളിൽ എല്ലാം നേതൃത്വത്തെ തിരുത്തിയിരിക്കുന്നു അണികൾ. സംസ്ഥാന നേതാക്കളടക്കം ക്യാമ്പ് ചെയ്തു പ്രവർത്തിച്ചിട്ടും പയ്യന്നൂരിലേയും തളിപ്പറമ്പിലെയും കോട്ടകൾ തകർന്നടിഞ്ഞു. കണക്കുകൾ സഹിതം രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ അണികൾ വിശ്വസിച്ചു, അര ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച പയ്യന്നൂരിൽ രണ്ടാം അങ്കത്തിനിറങ്ങിയ ടി ഐ മധുസൂദനൻ നിലം തൊട്ടില്ല. ഭർത്താവ് മാറുമ്പോൾ ഭാര്യ മത്സരിക്കുന്നതല്ല പാർട്ടി നയം എന്ന് പറഞ്ഞു പാർട്ടിക്ക് പുറത്തേക്ക് പോയ ടികെ ഗോവിന്ദനെ വർഗവഞ്ചകനെന്ന് മുദ്രകുത്തിയെങ്കിലും അദ്ദേഹത്തിനൊപ്പമായിരുന്നു തളിപ്പറമ്പിലെ ബഹുജനവും പൊതുജനവും.
രണ്ട് പേർക്കും പിന്നിൽ ആൾക്കൂട്ടമോ പരിപാടികളിൽ വലിയ പങ്കാളിത്തമോ കാണാതിരുന്നതോടെ കോട്ടകളിൽ പോറലുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്ന നേതൃത്വത്തിന് അണികളുടെ മനോഭാവം കൃത്യമായി വായിക്കാൻ കഴിഞ്ഞില്ല. വിശ്വസിച്ച് ഏൽപ്പിച്ച ഓപ്പൺ വോട്ടുകൾ പോലും മറിഞ്ഞെന്നാണ് ഉള്ളറ വിവരങ്ങൾ. ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ ഇടപെടലുകൾക്കെതിരെ പാർട്ടിക്കുള്ളിൽ വിമർശനങ്ങളും ഉയരുന്നു. എന്നാൽ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മണ്ഡലങ്ങൾ മറിഞ്ഞതിന്റെ പഴി ജില്ലയിൽ മാത്രം ഒതുങ്ങില്ല. കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടത് പോലെ നേതൃത്വത്തെ അണികൾ വോട്ടിലൂടെ തിരുത്തി, തെറ്റുതിരുത്തൽ പ്രക്രിയയുമായി മുന്നോട്ട് പോകണമെന്ന് പി ജയരാജൻ ഉൾപ്പെടെയുള്ള കണ്ണൂരിലെ നേതാക്കൾ പറഞ്ഞു തുടങ്ങി. തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്നും തിരുത്താതിരുന്നാൽ വിശ്വാസ്യതയ്ക്ക് മങ്ങൽ ഏൽക്കുമെന്നുമുള്ള മുന്നറിയിപ്പ് പക്ഷേ നേതൃത്വം എത്രത്തോളം പരിഗണിക്കുമെന്നത് അനുസരിച്ചിരിക്കും കണ്ണൂരിലെ പാർട്ടിയുടെ ഭാവി. .
