കേരളത്തിൽ അടുത്ത ജൂൺ 5 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചനം. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്. ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ബുധനാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. വ്യാഴാഴ്ച തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി മുതൽ വയനാട് വരെയുള്ള ജില്ലകളിലും ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. അടുത്ത മൂന്ന് ദിവസങ്ങൾക്കുള്ളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിഗമനം.
അതേസമയം എൽനിനോ പ്രതിഭാസം മൂലം ഇത്തവണ മഴ കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ സൂചന.വരാനിരിക്കുന്നത് 2016നേക്കാൾ കരുത്തനായ എൽ നിനോ ആകുമെന്നാണ് റിപ്പോർട്ടുകൾ. എൽ നിനോയുടെ വരവ് ഇന്ത്യക്ക് ഭീഷണിയാകും.മൺസൂൺ എത്തുന്നതിൽ നേരത്തെ തന്നെ കാലതാമസം നേരിടുന്ന സാഹചര്യത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കുടിവെള്ള ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മഴയുടെ അളവ് കുറയുമെന്ന മുന്നറിയിപ്പ് നൽകുന്നത്.ഐഎംഡിയുടെ ഏറ്റവും പുതിയ പ്രവചനമനുസരിച്ച്, രാജ്യത്ത് ലഭിക്കുന്ന മഴ ദീർഘകാല ശരാശരിയുടെ 90 ശതമാനത്തോളം മാത്രമായിരിക്കാം. കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സാധാരണ ലഭിക്കുന്നതിനേക്കാൾ കുറവ് മഴ ലഭിക്കാനാണ് സാധ്യത. ഏപ്രിൽ അവസാനം പുറത്തിറക്കിയ പ്രവചനത്തിലും സമാന സൂചനകളാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരുന്നത്.എൽ നിനോയുടെ സ്വാധീനം ശക്തമായാൽ കൃഷി, ജലസ്രോതസുകൾ, വൈദ്യുതി ഉൽപാദനം തുടങ്ങി നിരവധി മേഖലകളിൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മഴയുടെ ലഭ്യത സംബന്ധിച്ച അന്തിമ ചിത്രം അടുത്ത ആഴ്ചകളിലെ കാലാവസ്ഥാ മാറ്റങ്ങൾ നിർണയിക്കും.
