നെടുമ്പാശേരി ഹജ്ജ് ക്യാംപിന് ഇന്ന് തുടക്കമാകും. സിയാൽ എയ്‌റോ പാർക്കിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ക്യാംപ് ഒരുക്കിയിരിക്കുന്നത്. നാളെ ആദ്യ സംഘം തീർഥാടകരുമായി നെടുമ്പാശേരിയിൽ നിന്ന് വിമാനം പുറപ്പെടും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ വിപുലമായ ഉദ്ഘാടന ചടങ്ങ് ഉണ്ടാകില്ല.
450 തീർഥാടകരാണ് ആദ്യഘട്ട ഹജ്ജ് തീർത്ഥാടത്തിലുള്ളത്. തീർഥാടകരുടെ രജിസ്ട്രേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാകാൻ ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. 600ൽ അധികം പേർക്ക് നമസ്കരിക്കാനുഉഉ സൗകര്യം താത്കാലിക പന്തലിൽ ഒരിക്കിയിട്ടുണ്ട്. കഠിനമായ വേനൽച്ചൂട് കണക്കിലെടുത്ത് പന്തലിനുള്ളിലെ താപനില 30 ഡിഗ്രി സെൽഷ്യസിൽ താഴെയായി നിലനിർത്താൻ പ്രത്യേക എയർകണ്ടീഷൻ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
ഫ്ലൈനാസ് എയർവെയ്‌സാണ് ഈ വർഷം നെടുമ്പാശേരിയിൽ നിന്നുള്ള ഹജ്ജ് സർവീസ് നടത്തുന്നത്. മേയ് എട്ട് വരെയാണ് ഹജ്ജ് വിമാനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഇതുവരെയുള്ള കണക്കനുസരിച്ച് 8,341 പേരാണ് കൊച്ചിയിൽ നിന്നും ഹജ്ജിനായി യാത്രയാകുന്നത്.
