കെഎസ്ആർടിസിയിൽ ഇന്ന് മുതൽ ജെൻഡർ ടിക്കറ്റിങ്. സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണം. ടിക്കറ്റിൽ സ്ത്രീ, പുരുഷൻ, ട്രാൻസ്ജെൻഡർ എന്നിങ്ങനെ വേർതിരിച്ച് നൽകും. ആകെയുള്ള സ്ത്രീ യാത്രക്കാരെ കണക്കാക്കാനാണ് നീക്കം. കെഎസ്ആർടിസിയിൽ പ്രതിദിനം യാത്ര ചെയ്യുന്നവരുടെ എണ്ണം 25 മുതൽ 29 ലക്ഷം വരെ എന്നാണ് കെഎസ്ആർടിസിയുടെ കണക്ക്. ഇതിൽ 15 ലക്ഷം മുതൽ 19 ലക്ഷം വരെയും സ്ത്രീകളാണ്. വരുമാനത്തിന്റെ ഉയർന്ന ഭാഗവും സ്ത്രീകളിൽ നിന്നാണുള്ളത്. സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നടപ്പിലാക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമോ എന്നതും പരിശോധിക്കാനാണ് പുതിയ നീക്കം. ഇതിനെ മറികടക്കാനുള്ള മറുവഴികളും കെഎസ്ആർടിസി ആലോചിക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി കോൺഗ്രസ് മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു കെഎസ്ആര്‍ടിസിയില്‍ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കും എന്നത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചതിന് പിന്നാലെ തന്നെ എന്നുമുതൽ ഈ വാഗ്ദാനം പ്രാബല്യത്തിൽ വരുമെന്ന ചർച്ചകളും തുടങ്ങിക്കഴിഞ്ഞിരുന്നു.
