വന്ദേമാതരം പൂർണമായി ആലപിച്ചാണ് യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുടങ്ങുകയും അവസാനിക്കുകയും ചെയ്തത്. വന്ദേമാതരത്തിന്റെ പൂർണ രൂപം ആലപിക്കണമെന്ന ലോക്ഭവൻ നിർദേശം ചടങ്ങിൽ അപ്പാടെ അംഗീകരിക്കുകയായിരുന്നു. വന്ദേമാതരത്തിന്റെ പൂർണരൂപം ആലപിക്കണമെന്ന കേന്ദ്രത്തിന്റെ തീരുമാനം കേരളം ഇതുവരെയും അംഗീകരിച്ചിരുന്നില്ല. ആദ്യമായാണ് കേരളത്തിലെ ഒരു പൊതുപരിപാടിയിൽ വന്ദേമാതരം പൂർണമായി പാടുന്നത്. വന്ദേമാതരത്തിന്റെ അവസാന ചരണങ്ങൾക്ക് മതപരമായ സ്വഭാവം ഉണ്ടെന്നാണ് നാളുകളായുള്ള ആരോപണം. അതുകൊണ്ടുതന്നെ ആദ്യത്തെ രണ്ട് ചരണങ്ങൾ മാത്രമാണ് ഔദ്യോഗികമായി അംഗീകരിച്ചിരുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ ആദ്യമായി രാജ്യത്ത് വന്ദേമാതരം ആലപിച്ച് തുടങ്ങിയത് തമിഴ്നാട്ടിലായിരുന്നു. വിജയ്‌യുടെ ഈ തീരുമാനം രാഷ്ട്രീയ വിവാദം ആവുകയും ചെയ്തു. പിന്നാലെയാണ് കേരളത്തിലും അതേ നിലപാട് ആവർത്തിച്ചത്. ലോക്ഭവന്റെ നിർദേശം ഒരു എതിർപ്പുമില്ലാതെ കേരളം അംഗീകരിക്കുകയായിരുന്നു. വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെ എതിർക്കുന്ന മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ മുഴുവൻ സമയവും എഴുന്നേറ്റ് നിൽക്കുകയും ചെയ്തു. വരുംദിവസങ്ങളിൽ സത്യപ്രതിജ്ഞയിലെ വന്ദേമാതരം ആലാപനം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറന്നേക്കും.
