സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഇല്ലെന്ന വിചിത്രവാദം ആവർത്തിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. ഓവർലോഡ് ആകുമ്പോൾ ട്രിപ്പ് ആകുന്നതാണെന്നാണ് മന്ത്രിയുടെ ആവർത്തിച്ചുള്ള വിശദീകരണം. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു എന്ന് ഇന്നലെ കെഎസ്ഇബി തന്നെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിട്ടും, ലോഡ് ഷെഡിങ് ഉണ്ടെന്ന് സമ്മതിക്കാൻ വൈദ്യുതി മന്ത്രി തയ്യാറാകുന്നില്ല എന്നതാണ് വിചിത്രം. വാർത്താക്കുറിപ്പ് ചൂണ്ടിക്കാട്ടിയപ്പോഴും പരസ്പര വിരുദ്ധമായിരുന്നു മറുപടി.
പ്രതിസന്ധി പരിഹരിക്കാനുള്ള വൈദ്യുതി പുറത്തുനിന്ന് കിട്ടിത്തുടങ്ങിയെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. കെഎസ്ഇബി ഉദ്യോഗസ്ഥരും വൈദ്യുതി റെഗുലേറ്ററി ബോർഡുമായുള്ള ചർച്ചക്ക് ശേഷമായിരുന്നു മന്ത്രി മാധ്യമങ്ങളെ കണ്ടത്. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള അനുമതി നൽകാൻ റെഗുലേറ്ററി ബോർഡ് വൈകിയതിനെയും മന്ത്രി ന്യായീകരിച്ചു. മുന്നൊരുക്കം നടത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടോ എന്ന ചോദ്യത്തിന് അക്കാര്യങ്ങള്‍ റെഗുലേറ്ററി കമ്മിഷനോട് ചോദിക്കുന്നതാണ് നല്ലതെന്ന് മന്ത്രി മറുപടി നല്‍കി. വൈദ്യുതി ലഭിക്കുമെന്നാണ് വൈദ്യുതി ബോര്‍ഡ് കരുതിയിരുന്നതെന്നും അതിനാല്‍ തന്നോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടിട്ടില്ലായെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും.
