സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടക്കുന്നു. കേസിൽ പ്രതിചേർത്തിരിക്കുന്ന വീണ ടി ഉൾപ്പെടെയുള്ളവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കടക്കുകയാണ്. സ്വത്തുക്കളുടെ വിവരശേഖരണവും മൂല്യനിർണയവും പൂർത്തിയായതായാണ് വിവരം. അടുത്ത ആഴ്ചയോടെ കണ്ടുകെട്ടൽ ഉത്തരവ് പുറപ്പെടുവിക്കാനാണ് നീക്കം.
എസ്എഫ്‌ഐഒ കുറ്റപത്രത്തിൽ പ്രതിചേർത്ത വീണ ടി, സിഎംആർഎൽ ചെയർമാൻ ശശിധരൻ കർത്ത, മകൻ ശരൺ എസ്. കർത്ത എന്നിവരെയാണ് ഇഡി അന്വേഷണത്തിലും പ്രതികളാക്കിയിരിക്കുന്നത്. വില്ലേജ്, രജിസ്ട്രാർ ഓഫീസുകൾ ഉൾപ്പെടെ വിവിധ സ്രോതസുകളിൽ നിന്ന് സ്വത്തുസംബന്ധമായ വിവരങ്ങൾ ശേഖരിച്ച് മൂല്യനിർണയവും പൂർത്തിയാക്കിയെന്നാണ് സൂചന.നേരത്തെ റെയ്ഡിന് പിന്നാലെ 242 ബാങ്ക് അക്കൗണ്ടുകളിലുണ്ടായിരുന്ന 18 കോടിയിലധികം രൂപ ഇഡി മരവിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട്ട് അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് കൈമാറിയതിന് പിന്നാലെയാണ് സ്വത്ത് കണ്ടുകെട്ടൽ നടപടികളിലേക്ക് കടക്കുന്നത്.
അതേസമയം, അന്വേഷണം വീണ ടിയിലും എക്സാലോജിക്കിലും മാത്രം ഒതുക്കാതെ കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കാനാണ് ഇഡിയുടെ തീരുമാനം. സിഎംആർഎലിൽ നിന്ന് പണം കൈപ്പറ്റിയവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും, രാഷ്ട്രീയ നേതാക്കളും വിവിധ സ്ഥാപനങ്ങളും പട്ടികയിലുണ്ടെന്നുമാണ് വിവരം. ഈ സാമ്പത്തിക ഇടപാടുകളുടെ സ്വഭാവവും പണമൊഴുക്കും വിശദമായി പരിശോധിക്കാനാണ് ഇഡിയുടെ നീക്കം.എസ്എഫ്‌ഐഒയുടെ കണ്ടെത്തൽ പ്രകാരം, സിഎംആർഎൽ 193 കോടിയുടെ അനധികൃത സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നാണ് ആരോപണം. ഇതിൽ ഏകദേശം 2.75 കോടി രൂപ വീണ ടിക്കും എക്സാലോജിക്കിനും നൽകിയതായും കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്.
