പാലാ നഗരസഭ കൗൺസിലർമാരായ ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവർക്കെതിരെ പരാതി. കോൺഗ്രസ് കൗൺസിലർ ബിജു മാത്യു ആണ് പരാതി നൽകിയത്. ഇന്നലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസ് അംഗം ബിജു മാത്യുവിനെ ബിനു പുളിക്കകണ്ടം കയ്യേറ്റം ചെയ്തെന്നാണ് പരാതി. കൊട്ടാരമറ്റത്തെ ഓട്ടോ സ്റ്റാൻഡുമായി ബന്ധപ്പെട്ട ചർച്ചയാണ് തർക്കത്തിൽ കലാശിച്ചത് എന്നാൽ വാക്കു തർക്കം മാത്രമാണ് നടന്നതെന്ന് ബിനു പുളിക്കകണ്ടം അടക്കമുള്ള മറ്റ് കൗൺസിലർ പറയുന്നു.ചെയർപേഴ്സണും ബിനുവിന്റെ മകളുമായ ദിയ ബിനുവിന്റെ സാന്നിധ്യത്തിലായിരുന്നു മർദനം. നഗരസഭയിൽ ആകെയുള്ള 26 സീറ്റുകളിൽ 10 ഇടത്ത് ജയിച്ച യുഡിഎഫിനെ ബിനു അടങ്ങുന്ന മൂന്ന് പുളിക്കകണ്ടം സ്വതന്ത്ര അംഗങ്ങൾ പിന്തുണച്ചാണ് ഭരണത്തിൽ എത്തിച്ചത്. തുടർന്നുണ്ടായ മുന്നണിയിൽ എതിർസ്വരങ്ങൾ രൂക്ഷമായി. ഏകാധിപത്യം ആരോപിച്ച് ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയിരുന്നു.
”ഭരണപക്ഷ പാര്‍ട്ടി പാര്‍ലമെന്ററി യോഗത്തിനിടെ അടുത്ത ദിവസം നടക്കാനിരിക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ കൊട്ടാരമറ്റത്തില്‍ ഓട്ടോ സ്റ്റാന്‍ഡുമായി ബന്ധപ്പെട്ട വിഷയം അടിയന്തര അജണ്ടയില്‍ ഉള്‍ക്കൊളളിക്കണമെന്ന് ആവശ്യപ്പെട്ടു. ആ സമയം ചെയര്‍പേഴ്സണ്‍ ദിയ ബിനുവിന്റെ പിതാവും കൗണ്‍സിലറുമായ ബിനു പുളിക്കക്കണ്ടവും അദ്ദേഹത്തിന്റെ സഹോദരന് ബിജു പുളിക്കക്കണ്ടവും ഒരു കാരണവും കൂടാതെ പ്രകോപിതരായി എനിക്കുനേരെ കൈ ഓങ്ങി പാഞ്ഞടുത്തു. തടയാന്‍ ചെന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ കൈ തട്ടിമാറ്റി കയ്യേറ്റം ചെയ്തു. ഓട്ടോറിക്ഷക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ക്കെന്താണ് ഇത്ര താല്‍പ്പര്യം എന്ന് ചോദിച്ച് അസഭ്യം പറഞ്ഞു. പ്രാണഭയത്താല്‍ ഞാന്‍ അവിടെനിന്നും ഇറങ്ങിയോടുകയായിരുന്നു” എന്നാണ് ബിജു മാത്യൂസിന്റെ പരാതിയില്‍ പറയുന്നത്. മുന്‍പും പാലാ മുനിസിപ്പല്‍ ഹാളില്‍ വെച്ച് ബിനു പുളിക്കക്കണ്ടം സഹ കൗണ്‍സിലറെ മര്‍ദ്ദിച്ച് അവശനാക്കിയിട്ടുണ്ടെന്നും എത്രയുംപെട്ടെന്ന് ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിജു മാത്യൂസ് ആവശ്യപ്പെട്ടു. നാളെ നടക്കാനിരിക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ബിജു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
