സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുന്നതായി സൂചന. കരാറുമായി ബന്ധപ്പെട്ട പണമിടപാടുകളും സേവനങ്ങളുടെ യാഥാർത്ഥ്യവും സംബന്ധിച്ചാണ് പ്രധാനമായും പരിശോധന നടക്കുന്നത്.സേവനമൊന്നും നല്‍കാത്ത വീണയ്ക്കും എക്‌സാലോജിക്കിനും സിഎംആര്‍എല്‍ നല്‍കിയത് രണ്ടേമുക്കാല്‍ കോടി രൂപയാണ്. എന്തിന് പണം നല്‍കി സേവനമെന്ത് എന്ന ചോദ്യങ്ങള്‍ക്ക് വീണയ്ക്കും സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും കൃത്യമായ മറുപടിയില്ല. ഇതോടെയാണ് കരാറില്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഇടപടല്‍ സംബന്ധിച്ച് പരിശോധന നടത്താനുള്ള ഇഡിയുടെ തീരുമാനം.
സിഎംആര്‍എലിന് പിണറായി വിജയന്‍ സര്‍ക്കാരില്‍ നിന്നടക്കം ലഭിച്ച ഏതെങ്കിലും വഴിവിട്ട സഹായത്തിനുള്ള പ്രതിഫലമാണോ പണമെന്നാണ് ഇഡിയുടെ സംശയം. കരിമണല്‍ ഖനനത്തിന് പ്രത്യുപകാരമാണ് കരാറും പണവുമെന്ന രാഷ്ട്രീയ ആരോപണങ്ങളുടെ ചുവടുപിടിച്ചുകൂടിയാണ് ഇഡിയുടെ പരിശോധന. സിഎംആര്‍എല്ലിന് കരാര്‍ ലഭിക്കുമ്പോള്‍ പിണറായി വിജയനായിരുന്നു മുഖ്യമന്ത്രി. കരാറിന്റെ മറവില്‍ നടന്നത് കോടികളുടെ കരിമണല്‍കൊള്ളയാണെന്നാണ് ആരോപണം. കരാറിനെ കുറിച്ച് പിതാവ് പിണറായി വിജയന് അറിവുണ്ടോ എന്ന് ആദ്യ ദിവസം ഇഡി വീണയോട് ചോദിച്ചു. അറിയില്ലെന്ന മറുപടി നല്‍കി വീണ തത്കാലം ഒഴിഞ്ഞെങ്കിലും അന്വേഷണത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഇഡിയുടെ ചോദ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. വലിയ പ്രാധാന്യമില്ലാത്ത ഒന്നുരണ്ട് അനുബന്ധ ചോദ്യങ്ങള്‍ക്ക് വീണ നല്‍കിയ മറുപടി പിണറായി വിജയനെ വേണ്ടിവന്നാല്‍ ചോദ്യമുനയില്‍ എത്തിക്കാന്‍ ഇഡിയെ സഹായിക്കുന്നതാണ്. എന്നാല്‍ കുറേകൂടി ആധികാരിക വിവരങ്ങള്‍കൂടി ശേഖരിച്ച ശേഷമാകും പിണറായി വിജയനിലേക്കുള്ള ഇഡിയുടെ നീക്കം. രണ്ട് തവണയായി വീണയെ പതിനാറ് മണിക്കൂറിലേറെ ചോദ്യം ചെയ്ത ഇഡി ജൂലൈ ആദ്യ വാരത്തില്‍ വീണും വിളിപ്പിച്ചിട്ടുണ്ട്. ഇതിന് മുന്‍പ് എസ്എഫ്‌ഐഒ രേഖകളുടെ പരിശോധനയും ഇഡി പൂര്‍ത്തിയാക്കും. ശശിധരന്‍ കര്‍ത്തയുടെ മാസപ്പടി ഡയറിയുടെ പൂര്‍ണവിവരങ്ങളും ഇഡിയുടെ കൈവശമുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലുള്ള ചോദ്യങ്ങള്‍ക്കും വരും ദിവസങ്ങളില്‍ ശശിധരന്‍ കര്‍ത്തയുടെ കുടുംബാംഗങ്ങളും ജീവനക്കാരും മറുപടി നല്‍കേണ്ടി വരും.
