ചിറയിൻകീഴ് അഴൂരിൽ എട്ടുവയസുകാരൻ ദിക്ഷൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ചികിത്സാ വീഴ്ച ഉണ്ടായതായി ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ഡ്യൂട്ടി ഡോക്ടർ രോഗിയെ വിശദമായി പരിശോധിച്ചില്ലെന്ന് കണ്ടെത്തൽ. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോഗ്യവകുപ്പ് നടപടി എടുത്തേക്കും.
വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റാണ് ചിറയിൻകീഴ് അഴൂർ സ്വദേശിയായ എട്ടുവയസുകാരൻ മരിച്ചത്. പാമ്പുകടിയേറ്റെന്ന സംശയത്തിൽ കുട്ടിയെ ആദ്യം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് എത്തിച്ചത്.അവിടെയുണ്ടായിരുന്ന ഡ്യൂട്ടിഡോക്ടർ കുട്ടിക്ക് മതിയായ പരിശോധന നടത്തിയില്ലെന്ന കുടുംബത്തിന്റെ ആരോപണങ്ങളെ സാധൂകരിക്കുന്നതാണ് ഡിഎംഒയുടെ റിപ്പോർട്ട്. കുട്ടിയെ പരിശോധിക്കുന്നതിൽ ഡോക്ടർക്ക് വീഴ്ച്ച പറ്റി,രക്തപരിശോധന മാത്രംഅടിസ്ഥാനമാക്കി കുട്ടിയെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തതിലും വീഴ്ചണ്ടായി എന്നാണ് കണ്ടെത്തൽ.
ഡിഎംഒയുടെ റിപ്പോർട്ടിന്മേൽ ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് നടപടി സ്വീകരിക്കുക.
എന്നാൽ ആശുപത്രിക്ക് പിഴവ് ഉണ്ടായിട്ടില്ലെന്നായിരുന്നു തുടക്കം മുതലുള്ള ആശുപത്രി അധികൃതരുടെ വിശദീകരണം. ഏപ്രിൽ 23നാണ് എട്ടുവയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചത്.
