മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ പാണ്ട്യാല മുക്കിലെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയ്ക്കിടെ പ്രതിഷേധിച്ച സിപിഐഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ച നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് നടപടി. പിണറായി പൊലീസാണ് വിവിധ വകുപ്പുകൾ പ്രകാരം കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ കേസെടുത്തത്.
സിഎംആർഎൽ–എക്സാലോജിക് കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും ബേപ്പൂർ എംഎൽഎ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഉൾപ്പെടെ 12 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയത്. കണ്ണൂരിലെ പിണറായിയുടെ പാണ്ട്യാല മുക്കിലെ വീടിന് മുന്നിൽ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധത്തിൽ പങ്കെടുത്ത കണ്ടാലറിയാവുന്ന ഇരുപതോളം സിപിഐഎം പ്രവർത്തകരെ പ്രതിചേർത്താണ് പൊലീസ് എഫ്ഐ ആർ രജിസ്റ്റർ ചെയ്തത്. കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേർന്ന് പൊതുഗതാഗതം തടസപ്പെടുത്തിയെന്നാണ് എഫ്ഐആറിലെ പ്രധാന വകുപ്പ്. ഇ ഡി സംഘത്തിന്റെ വാഹനങ്ങൾക്ക് മുന്നിൽ പ്രതിഷേധക്കാർ തടസം സൃഷ്ടിച്ചെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ചില സമയങ്ങളിൽ സ്ഥലത്ത് സംഘർഷാവസ്ഥയും രൂപപ്പെട്ടു. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ഗതാഗത തടസം സൃഷ്ടിക്കൽ, അനധികൃതമായി സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധത്തിൽ പങ്കെടുത്തവരെ തിരിച്ചറിയുന്നതിനായി മാധ്യമ പ്രവർത്തകരിൽ നിന്ന് ദൃശ്യങ്ങളും മറ്റു വീഡിയോ തെളിവുകളും പൊലീസ് ശേഖരിച്ചുവരികയാണ്. പൊലീസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഐഎം ആരോപിക്കുന്നത്.
