നാഷണൽ ടെസ്റ്റിംഗ് ഏജൻസി നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് രാജസ്ഥാനിലെ സിക്കറിൽ 22 വയസ്സുകാരനായ വിദ്യാർഥി ജീവനൊടുക്കി. ജുൻജുനു സ്വദേശിയായ പ്രദീപ് മേഘ്‌വാൾ ആണ് ജൽധാരി നഗറിലെ വാടകമുറിയിൽ ഫാനിൽ തൂങ്ങി മരിച്ചത്. കഴിഞ്ഞ മൂന്ന് വർഷമായി സഹോദരിമാർക്കൊപ്പം താമസിച്ച് നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു പ്രദീപ്.
ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് മെയ് 3ന് നടന്ന പരീക്ഷ എൻടിഎ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ പരീക്ഷയ്ക്ക് പകരം ജൂൺ 21ന് വീണ്ടും പരീക്ഷ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ച ദിവസമാണ് ദാരുണ സംഭവം നടന്നത്. പരീക്ഷയിൽ മികച്ച മാർക്ക് നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രദീപ്, അത് റദ്ദാക്കിയതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. 650ൽ അധികം മാർക്ക് നേടുമെന്ന് പ്രതീക്ഷിച്ച പരീക്ഷ റദ്ദാക്കിയതിലെ മനോവിഷമത്താലാണ് ജീവനൊടുക്കിയത് എന്നാണ് വീട്ടുകാർ പറയുന്നത്.
