പഞ്ചാബ് വ്യവസായ മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സഞ്ജീവ് അറോറയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. ചണ്ഡീഗഢിലെ വസതിയുൾപ്പെടെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്.സഞ്ജീവ് അറോറക്കെതിരെ വ്യാജ ജിഎസ്ടി ഇടപാടുകളും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ ആം ആദ്മി പാർട്ടി രംഗത്തെത്തി.
രാവിലെ 7 മണിയോടെ ചണ്ഡീഗഢിലെ സെക്ടർ 2 ലെ അറോറയുടെ ഔദ്യോഗിക വസതിയിൽ ഇഡി സംഘം എത്തി, 7.25 ന് തൊട്ടുപിന്നാലെ തിരച്ചിൽ ആരംഭിച്ചു. ഏകദേശം 20 വാഹനങ്ങളിലാണ് ഉദ്യോഗസ്ഥർ എത്തിയത്, സുരക്ഷയ്ക്കായി ഏകദേശം മൂന്ന് ഡസൻ സിഐഎ, പ്രത്യേക സേനാംഗങ്ങളെ വിന്യസിച്ചിരുന്നു. ചണ്ഡീഗഢിന് പുറമേ, ഡൽഹിയിലെ രണ്ട് സ്ഥലങ്ങളിലും ഗുരുഗ്രാമിലെ ഉദ്യോഗ് വിഹാറിലെ ഹാംപ്ടൺ സ്കൈ റിയാലിറ്റി ലിമിറ്റഡിലും റെയ്ഡ് നടത്തി.
