ഡെൽഹിയിലെ പ്രമുഖ ഐഎഎസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ ബന്ദിയാക്കി രണ്ട് കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ വിദ്യാർത്ഥി ഉൾപ്പെടെ ആറ് പേർ പിടിയിൽ. ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഎഎസ് അക്കാദമിയുടെ ഡയറക്ടർ ശുഭ്ര രഞ്ജനെയാണ് തോക്കിൻമുനയിൽ നിർത്തി ബന്ദിയാക്കിയത്. മുഖ്യസൂത്രധാരൻ പ്രിയങ്ക് ശർമയെയും അഞ്ച് കൂട്ടാളികളെയും ഭോപ്പാൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
പുതിയ കോച്ചിങ് സെന്ററുകളുടെ ഉദ്ഘാടനവും സെമിനാറും ചർച്ച ചെയ്യാനെന്ന വ്യാജേനയാണ് പ്രിയങ്ക് ശർമ്മ ശുഭ്ര രഞ്ജനെ ഡെൽഹിയിൽ നിന്ന് ഭോപ്പാലിലേക്ക് വിളിച്ചുവരുത്തിയത്. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിയ ഇവരെ പിന്നീട് പ്രതികൾ വാടകയ്ക്കെടുത്ത ഫ്ലാറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇവിടെ വെച്ച് തോക്കുകളും നാടൻ ആയുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തി 1.89 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിർബന്ധിതമായി ട്രാൻസ്ഫർ ചെയ്യിപ്പിച്ചു.
ആസൂത്രിതമായാണ് പ്രതികൾ കുറ്റകൃത്യം നടപ്പിലാക്കിയത്. ബന്ദിയാക്കിയ സമയത്ത് ശുഭ്രയുടെ നിലവിളി പുറത്തുകേൾക്കാതിരിക്കാൻ ഫ്ലാറ്റിൽ ‘സുന്ദരകാണ്ഡ പാരായണവും’ മറ്റ് മതപരമായ ചടങ്ങുകളും പ്രതികൾ സംഘടിപ്പിച്ചിരുന്നു. രണ്ട് ദിവസത്തോളം ഇവരെ ഫ്ലാറ്റിൽ തടങ്കലിലാക്കി. പൊലീസിൽ സമീപിക്കാതിരിക്കാൻ പ്രതികളിൽ ഒരാളെ തട്ടിക്കൊണ്ടുപോകുന്ന വ്യാജ വീഡിയോ നിർമിച്ച് ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
വിദേശത്തേക്ക് കടക്കാൻ പദ്ധതിയിട്ടിരുന്ന പ്രിയങ്ക് ശർമ്മ, പൊലീസ് പിടികൂടുമെന്ന് ഉറപ്പായതോടെ അസുഖം അഭിനയിച്ച് ഭോപ്പാൽ എയിംസിലെ ഐസിയുവിൽ അഡ്മിറ്റായി. എന്നാൽ പൊലീസ് ആശുപത്രിയിലെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഈ സമയം പ്രിയങ്കിന്റെ ബന്ധുക്കൾ ആശുപത്രിയിൽ ബഹളമുണ്ടാക്കി പൊലീസിനെ തടയാൻ ശ്രമിച്ചു.
തട്ടിയെടുത്ത തുക കൈമാറ്റം ചെയ്ത ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചിട്ടുണ്ട്. പണം തിരികെ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
