ജമ്മുകശ്മീരിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാർ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് മുന്നൂറോളം വിനോദസഞ്ചാരികൾ കുടുങ്ങി. ഇന്ന് വൈകിട്ടാണ് സംഭവം. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാരാണ് ഇതിൽ അകപ്പെട്ടത്.
സൈന്യവും ജമ്മു കശ്മീർ പൊലീസും പ്രാദേശിക ഭരണകൂടവും ചേർന്ന് സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റും തഹസിൽദാരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുന്നുണ്ട്. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വിനോദസഞ്ചാരികളെ സുരക്ഷിതമായി താഴെയിറക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. തകരാർ പരിഹരിക്കാൻ സാങ്കേതിക വിദഗ്ധരെയും നിയോഗിച്ചിട്ടുണ്ട്. അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും ആരും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുടെ ഓഫീസും വ്യക്തമാക്കി.
