മദ്യപിക്കാൻ വെള്ളം എടുത്ത് നൽകാൻ വിസമ്മതിച്ച ഒമ്പത് വയസുകാരനെ ബന്ധു വെടിവെച്ച് കൊന്നു. ഉത്തർപ്രദേശിലെ കാസ്‌ഗഞ്ച് ജില്ലയിൽ നാമകരണ ചടങ്ങിനിടെയാണ് നാടിനെ നടുക്കിയ സംഭവം. യാകുത്ഗഞ്ച് ഗ്രാമവാസിയായ യശ്പാൽ എന്ന യഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ധനേഷ് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് കുട്ടിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ ബന്ധുക്കളും നാട്ടുകാരും എത്തിയിരുന്നു. ഈ സമയം മദ്യപിക്കുകയായിരുന്ന ധനേഷ് യാദവ് എന്ന യുവാവ് മദ്യത്തിൽ ഒഴിക്കാൻ വെള്ളം കൊണ്ടുവരാൻ കുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടി ഇതിന് വിസമ്മതിച്ചതോടെ പ്രകോപിതനായ ധനേഷ്, കുട്ടിയുടെ വയറ്റിലേക്ക് വെടിയുതിർക്കുകയായിരുന്നു. നാമകരണ ചടങ്ങിനെത്തിയ അതിഥികൾ നോക്കിനിൽക്കെയായിരുന്നു ക്രൂരകൃത്യം
വെടിയേറ്റ ഉടൻ തന്നെ കുട്ടിയെ കാസ്‌ഗഞ്ച് ജില്ലാ ആശുപത്രിയിലും പിന്നീട് അലിഗഡിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശനിയാഴ്ച ചികിത്സയിലിരിക്കെയാണ് യഷ് മരിച്ചത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ ഖിതൗലി കനാൽ പാലത്തിന് സമീപത്ത് നിന്നാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്കും പൊലീസ് കണ്ടെടുത്തു.
മരിച്ച കുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
